ശ്രീകണ്ഠന്റെ വിജയം ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി
text_fieldsപാലക്കാട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്തെ 75,283 വോട്ടിന് പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ വീണ്ടും ഇടതുകോട്ടയിൽ മൂവർണക്കൊടി പാറിച്ചു. ഒരു റൗണ്ടിൽപോലും പിന്നോട്ടുപോവാതെ സി.പി.എം കോട്ടയായ ഒറ്റപ്പാലത്തുൾപ്പെടെ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു രണ്ടാമൂഴത്തിലേക്ക് ശ്രീകണ്ഠൻ വഴിയൊരുക്കിയത്.
ഇടതുപക്ഷ ഭൂരിപക്ഷമാകട്ടെ മലമ്പുഴ, ഷൊർണൂർ നിയമസഭ മണ്ഡലത്തിൽ മാത്രമൊതുങ്ങി. പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് പിറകിലായി മൂന്നാമതെത്തുകയും ചെയ്തു. യു.ഡി.എഫ് കോട്ടയായ മണ്ണാർക്കാട് മണ്ഡലം മാത്രം ശ്രീകണ്ഠന് 32,104 വോട്ടിന്റെ ഭൂരിപക്ഷം നൽകി. മണ്ഡലത്തിലെ 180 ബൂത്തുകളിൽ 158 ബൂത്തുകളിലും യു.ഡി.എഫ് മുന്നേറിയപ്പോൾ 22 ബൂത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് മുന്നേറാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് 29,625 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നൽകിയിരുന്നത്. ന്യൂനപക്ഷ സ്വാധീന മേഖലകൾ ഉൾക്കൊള്ളുന്ന പട്ടാമ്പി മണ്ഡലത്തിൽ 27,136 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ 9000 വോട്ട് കൂടുതൽ. കഴിഞ്ഞ തെരഞ്ഞെടുപ്പുപോലെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ 75,283 വോട്ട് ഭൂരിപക്ഷം ശ്രീകണ്ഠൻ നേടി ഒന്നാമതെത്തിയപ്പോൾ തൊട്ടുപിറകിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു.
എ. വിജയരാഘവന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 36,603 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഷൊർണൂർ മണ്ഡലത്തിൽ വെറും 3751 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുസ്ഥാനാർഥി ഒതുങ്ങി.
2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ വി.കെ. ശ്രീകണ്ഠൻ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ ഇത്തവണ എട്ടിരട്ടിയായി. പോളിറ്റ്ബ്യൂറോ അംഗത്തിന് സംഭവിച്ച കനത്ത തോൽവി ഇടതുപക്ഷത്തിന് ആഘാതമേൽപിച്ചിട്ടുണ്ട്.
2021 മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭ മണ്ഡലത്തിലെ മണ്ണാർക്കാട്, പാലക്കാട് ഒഴിച്ച് ബാക്കിയുള്ളവ ഇടതുപക്ഷം നിലനിർത്തിയിരുന്നു. മുമ്പ് രണ്ടു തവണ പാലക്കാട്ട് സ്ഥാനാർഥിയായിരുന്നെങ്കിലും ഒന്നിലേറെ അഭിപ്രായപ്രകടനങ്ങൾ സൃഷ്ടിച്ച ‘പ്രശസ്തി’യും എ. വിജയരാഘവന് വിനയായി. അതേസമയം, പാലക്കാട് ഉൾപ്പെടെ മണ്ഡലങ്ങളിൽ ബി.ജെ.പി മുപ്പതിനായിരത്തിലേറെ വോട്ട് കൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.