നെന്മാറ ബാലികേറാമലയല്ല
text_fieldsകൊല്ലങ്കോട്: ഇടതിനൊപ്പം ദീർഘകാലമുണ്ടായ നിയോജക മണ്ഡലമാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കൈപ്പിടിയിലൊതുക്കിയത്. 2016ൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി 1,92,592 വോട്ടുകൾ നേടിയിരുന്ന മണ്ഡലമാണിത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 52,318 വോട്ടുകളാണ് നെന്മാറ മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ബിജു നേടിയത്. രമ്യ ഹരിദാസ് 82,539 വോട്ടുകൾ നേടി. 30,221 വോട്ടുകളുടെ ഭൂരിപക്ഷം. നിയമസഭയിൽ നേടിയ വോട്ടിനേക്കാൾ 20 ശതമാനം അധികം നേടണമെന്ന ലക്ഷ്യത്തിനായി പ്രചാരണം ശക്തമാക്കുകയാണ് ഇടത് പാർട്ടികൾ. സിറ്റിങ് എം.പിയുടെ വികസന പ്രവർത്തനങ്ങളിലെ പോരായ്മകളാണ് പ്രചാരണായുധം. എന്നാൽ 1734 കോടി രൂപ ഏഴ് നിയമസഭകളിൽ വിനിയോഗിച്ചതിനെ ഉയർത്തിപ്പിടിച്ചാണ് യു.ഡി.എഫ് പ്രതിരോധിക്കാൻ രംഗത്തുള്ളത്. മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാനപാത ദേശീയപാതയാക്കാനും കൊല്ലങ്കോട്-തൃശൂർ റെയിൽവേലൈൻ നടപ്പാക്കാനും പാലക്കാട്-പൊള്ളാച്ചി ലൈനിൽ നിർത്തിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും രമ്യ ഹരിദാസിന്റെ കാര്യമായ ഇടപെടൽ ഉണ്ടായില്ല. പി.കെ. ബിജു എം.പിയായ സമയത്ത് കൊല്ലങ്കോട്ട് അമൃത എക്സ് പ്രസിന് സ്റ്റോപ്പിനായി ട്രെയിൻ തടയൽ സമരം വരെ നടത്തിയിരുന്നു. നിലവിൽ കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്താതെ പോകുന്ന തിരുച്ചെന്തൂർ ട്രെയിൻ നിർത്തുവാൻ നിലവിലെ എം.പി രംഗത്തുവരാത്തതും തെരഞ്ഞെടുപ്പ് വിഷയമാകും.
സി.പി.ഐ ഏരിയ സെക്രട്ടറിയായിരുന്ന എം.ആർ. നാരായണനും ചില അനുയായികളും കോൺഗ്രസിലേക്ക് മാറിയത് എൽ.ഡി.എഫിനെതിരെ കോൺഗ്രസ് ആയുധമാക്കുമ്പോൾ നെന്മാറ മണ്ഡലത്തിൽ നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകൾ ഭരിക്കുന്ന എൽ.ഡി.എഫിന്റെ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാറിന്റെ പദ്ധതികളുമാണ് എൽ.ഡി.എഫ് പ്രചാരണത്തിനിറക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി ടി.വി. ബാബു 2019ൽ 12,345 വോട്ടുകളാണ് നെന്മാറയിൽ നേടിയത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി എ.എൻ. അനുരാഗ് 16,666 വോട്ടുകൾ നേടിയിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 21,000 ലധികം വോട്ടാണ് ബി.ജെ.പി സ്ഥാനാർഥി എൻ. ശിവരാജൻ നേടിയത്. ഇത്തവണ ബി.ജെ.പി സ്ഥാനാർഥി തന്നെ വന്നതോടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി അണികൾ. മൂന്ന് അണികളിലും ഗൃഹസന്ദർശനത്തിന് രംഗത്തിറങ്ങിയത് എൽ.ഡി.എഫ് അണികളാണ്. പ്രാദേശിക വികസനങ്ങളിൽ എം.പി.യുടെയും എം.എൽ.എയുടെയും പങ്ക് എടുത്തുപറഞ്ഞ് യു.ഡി.എഫ്, എൽ.ഡി.എഫ് പാർട്ടികൾ രംഗത്തിറങ്ങുമ്പോൾ കേന്ദ്ര വികസന നയങ്ങളാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.