മുഖ്യമന്ത്രി നിർദേശിച്ചിട്ടും വകുപ്പുകൾ കനിയുന്നില്ല; നെല്ലു വില ലഭിക്കാൻ കാത്തിരിപ്പ്
text_fieldsപാലക്കാട്: സപ്ലൈകോ സംഭരിച്ച നെല്ലുവില മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്തതിൽ കർഷകർ വലയുന്നു. വിഷയത്തിൽ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി ഇടപ്പെട്ട് അടിയന്തരമായി പണം കൊടുക്കാൻ ധനകാര്യവകുപ്പിനും സപ്ലൈകോക്കും നിർദേശം നൽകിയത് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നു.
മാർച്ച് 28നു ശേഷം പണം നൽകുന്നത് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. 38500ഓളം കർഷകരിൽ നിന്നായി 97,000 മെട്രിക് ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്. ഇതിൽ 8000ഓളം കർഷകരുടെ അക്കൗണ്ടിലേക്കായി 51 കോടി രൂപ മാത്രമാണ് നൽകിയത്. 30000 കർഷകർക്കായി 162 കോടി രൂപ ഇനി നൽകണം. മുഖ്യമന്ത്രി നിർദേശം നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല.
വില ലഭിക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പല പാടശേഖര സമിതികളും വയൽ തരിശ് ഇടാൻ തീരുമാനിച്ചു. ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ നടത്താനുള്ള സമയമാണിത്.
എന്നാൽ, ഇതിനുള്ള പണം ലഭിക്കാതെ വലയുകയാണ് കർഷകർ. ഹ്രസ്വകാല വായ്പയെടുത്തവർ തിരിച്ചടവ് നടത്തി വീണ്ടും വായ്പ തരപ്പെടുത്തണമെങ്കിൽ പണം ലഭിക്കണം. വായ്പ തിരിച്ചടവ് നീണ്ടുപോകുന്നതോടെ പലിശ നിരക്കിൽ മാറ്റം വരും. ഇത് കർഷകരെ കടക്കെണിയിലേക്ക് എത്തിക്കുമെന്ന് കർഷകർ ഭയക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.