ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; രണ്ടുപേർ പിടിയിൽ
text_fieldsപാലക്കാട്: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ശ്രീകൃഷ്ണപുരം മേഖലയിലും പിടിമുറുക്കുന്നു. ശ്രീകൃഷ്ണപുരം ആശുപത്രി ജംഗ്ഷനിൽ നിന്നും ഒറ്റനമ്പർ എഴുത്തു ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടു പേരെ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും പിടികൂടി.
ആശുപത്രി ജംഗ്ഷനിലെ ധനലക്ഷ്മി ലോട്ടറി ഏജൻസി ഉടമ ചെത്തല്ലൂർ ചെറുമുണ്ട നഗരത്ത് ഹരിശങ്കർ, മുൻ ഉടമ കുളക്കാട് ഓടൻപ്പറ വീട്ടിൽ മുരളി എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും നാല് മൊബൈൽ ഫോണുകളും, പണവും, നിരവധി ആളുകളുടെ മൊബൈൽ നമ്പറുകൾ അടങ്ങിയ പുസ്തകവും കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടാനായത്.
രാവിലെ പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉച്ചയോടു കൂടി വീണ്ടും മിന്നൽ പരിശോധന നടത്തുകയായിരുന്നു. ശ്രീകൃഷ്ണപുരം കേന്ദ്രീകരിച്ച് ഒറ്റ നമ്പർ എഴുത്ത് ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന് സി.ഐ. കെ.എം. ബിനീഷ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈനായും, വാട്സ്ആപ്പ് വഴിയുമാണ് ഹരിശങ്കറും, മുരളിയും ചേർന്ന് ഇടപാടുകൾ നടത്തുന്നത്.
ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്. ഇത് ഏത് നമ്പറാണെന്ന് പ്രവചിക്കലാണ് ചൂതാട്ടം. ഒരു നമ്പർ പ്രവചിക്കുന്നതിന് പത്തുരൂപയാണ് ഈടാക്കുന്നത്. പ്രവചിച്ച നമ്പർ ശരിയായാൽ 5000 രൂപ സമ്മാനം ലഭിക്കും. ഒരാൾക്ക് ഒരേനമ്പർ തന്നെയോ പല നമ്പറായോ എത്രവേണമെങ്കിലും പ്രവചിക്കാം. ഒറ്റ ദിവസം കൊണ്ട് ലക്ഷകണക്കിന് രൂപയുടെ ലാഭമാണ് ഇത്തരത്തിലുള്ള ലോട്ടറി ചൂതാട്ടതിലൂടെ ലോബികൾക്ക് ലഭിക്കുന്നത്. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കോട്ടപ്പുറം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ലോബികൾ പിടിമുറുക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും സി.ഐ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.