പോളിങ് കുറഞ്ഞതിൽ കൂട്ടിപ്പെരുക്കി മുന്നണികൾ
text_fieldsപാലക്കാട്: പോളിങ് ശതമാനം കുറഞ്ഞതിനെ ചൊല്ലിയുള്ള അവകാശവാദങ്ങളിലും കൂട്ടിക്കിഴിക്കലിലുമാണ് മുന്നണികൾ. വോട്ടെണ്ണാൻ ഒരുമാസം ബാക്കിയുണ്ടെന്നിരിക്കേ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്നും കുറഞ്ഞുപോയ 4.25 ശതമാനം വോട്ടിന്റെ അവസ്ഥയും പുതുവോട്ടർമാരായെത്തിയ 75000 പേരുടെ രാഷ്ട്രീയവും കൂട്ടിവെച്ച് രാഷ്ട്രീയ അനുമാനങ്ങളിലെത്തുകയാണ് ഓരോ പാർട്ടി പ്രവർത്തകരും. ശതമാനം നോക്കിയാൽ 2009, 2014 തെരഞ്ഞെടുപ്പിലെ ശതമാനക്കണക്കിനൊപ്പമാണ് ഇത്തവണത്തെ വോട്ടിങ് നില (യഥാക്രമം 73.5, 73.25). ഇടതുപക്ഷത്തോടൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു അവ.
ഷൊർണൂർ നിയമസഭ മണ്ഡലത്തിലാണ് ഇത്തവണ കൂടുതൽ വോട്ടുവീണത്- 75.27 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 78.11 ശതമാനത്തിൽ നിന്ന് 2.7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇടതുസ്ഥാനാർഥി എം.ബി. രാജേഷിന് 11092 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമായിരുന്നു ഇത്. പോളിങിൽ ഏറ്റവും കുറവ് പാലക്കാട് മണ്ഡലത്തിൽ - 70 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 75.47 ശതമാനം പേർ വോട്ടുചെയ്ത മണ്ഡലമാണിത്. 5.4 ശതമാനം കുറവാണ് പാലക്കാട് നഗരസഭ ഉൾകൊള്ളുന്ന നിയമസഭ മണ്ഡലത്തിൽ 4339 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ശ്രീകണ്ഠന് നൽകിയത്. ബി.ജെ.പി കൂടുതൽ വോട്ടുനേടുമെന്നുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വോട്ട് കുറവ് യു.ഡി.എഫ് വോട്ടിനെയാണ് ബാധിക്കുക. എല്ലാവരും ഉറ്റുനോക്കിയ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ണാർക്കാട് മണ്ഡലത്തിൽ വോട്ടുകുറഞ്ഞത് മൂന്നേമുക്കാൽ ശതമാനമാണ്. അതായത് 74.51 ശതമാനം പേർ വോട്ടുചെയ്തു. യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29625 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. അതേസമയം ഇടതുകോട്ടയായ മലമ്പുഴ മണ്ഡലത്തിൽ അഞ്ച് ശതമാനം വോട്ടിന്റെ കുറവുണ്ടായി. 21,294 വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്ഥാനാർഥിക്ക് നൽകിയ മണ്ഡലത്തിൽ വോട്ടുകുറവ് ഇടതുവോട്ടിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.
എല്ലാ മണ്ഡലങ്ങളിലും മൂന്നും നാലും ശതമാനം വോട്ടിങ്ങിൽ കുറവ് വന്നിട്ടുണ്ടെന്ന് അന്തിമ വോട്ടിങ് ശതമാനം വെളിപ്പെടുത്തുന്നു. പ്രവാസി വോട്ടുകളുടെ കുറവ്, പാലക്കാട്ടെ കഠിനമായ ചൂടിൽ വോട്ടിങ് കേന്ദ്രത്തിലെത്താനുള്ള വിമുഖത, വോട്ടർ പട്ടികയിൽ അസാധാരണമായി വന്ന ഇരട്ടിപ്പ് എന്നീ ഘടകങ്ങളാണ് വോട്ടിങ് ശതമാനത്തെ കുറക്കാനിടയാക്കിയതെന്ന് മുന്നണികൾ പറയുന്നു. പോളിങ് ശതമാനം കുറഞ്ഞാൽ ഇടതുഅനുകൂലമാകുമെന്ന പറഞ്ഞുപഴകിയ പഴയ പാഠത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും ഇടതുവലതു മുന്നണികൾ, തങ്ങൾ ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു, പ്രതീക്ഷയോടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.