ബംഗാൾ ഉൾക്കടലിൽ ദുർബല ന്യൂനമർദങ്ങളുടെ ഘോഷയാത്ര
text_fieldsപാലക്കാട്: ബംഗാൾ ഉൾക്കടലിൽ ഈ മാസം നടക്കുന്നത് ദുർബല ന്യൂനമർദങ്ങളുടെ ഘോഷയാത്ര. ന്യൂനമർദം ദുർബലമാകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷികവൃത്തിയെയും ജലലഭ്യതയെയും കാര്യമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ആഗസ്റ്റ് 23ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം ഉണ്ടാകുന്ന നാലാമത്തെ ന്യൂനമർദമാകുമിത്. കാലവർഷം തുടങ്ങിയ ശേഷം ഈ സീസണിൽ ആകെ ആറ് ന്യൂനമർദങ്ങളാണുണ്ടായത്. ഇതിൽ അഞ്ചും ബംഗാൾ ഉൾക്കടലിലാണ്. ഒരെണ്ണം ഗുജറാത്തിന് മുകളിലായും രൂപം കൊണ്ടു. ജൂൺ ഒമ്പതിന് ബംഗാൾ ഉൾക്കടലിലായിരുന്നു ആദ്യ ന്യൂനമർദം. ജൂലൈ ആദ്യ ആഴ്ച ഗുജറാത്തിന് മുകളിലും അതേ ആഴ്ച തന്നെ ബംഗാൾ ഉൾക്കടലിൽ മൂന്നാമത്തെയും ന്യൂനമർദം രൂപപ്പെട്ടു.
2019ൽ ജൂൺ-സെപ്റ്റംബർ കാലഘട്ടത്തിൽ ആകെ 14 ന്യൂനമർദങ്ങൾ രൂപപെട്ടപ്പോൾ രണ്ടെണ്ണം അതിതീവ്ര ചുഴലിക്കാറ്റായും രണ്ടെണ്ണം തീവ്ര ന്യൂനമർദങ്ങളായും മാറി. ആഗസ്റ്റിൽ മാത്രം അഞ്ച് ന്യൂനമർദങ്ങളുണ്ടായി. ഒരെണ്ണം അതിതീവ്ര ന്യൂനമർദമായും ഒരെണ്ണം തീവ്ര ന്യൂനമർദമായും മാറി. ആഗസ്റ്റ് ആറിന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയത്തിനും കാരണമായി. 2018ൽ ആകെ 10 ന്യൂനമർദങ്ങൾ കാലവർഷ ഭാഗമായി രൂപപ്പെട്ടപ്പോൾ ഒരെണ്ണം ചുഴലിക്കാറ്റായി മാറി. ഒരെണ്ണം അതിതീവ്ര ന്യൂനമർദമായും നാലെണ്ണം തീവ്ര ന്യൂനമർദമായും ശക്തി പ്രാപിച്ചു. ആഗസ്റ്റിൽ നാല് ന്യൂനമർദങ്ങൾ രൂപപ്പെട്ടപ്പോൾ രണ്ടെണ്ണം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി.
ആഗസ്റ്റ് 13ന് ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം തീവ്രമായി കേരളത്തിലും കർണാടകയിലും കനത്ത മഴ പെയ്യിച്ചു. 2017ൽ 14 ന്യൂനമർദമുണ്ടായപ്പോൾ ഒരെണ്ണം അതിതീവ്ര ന്യൂനമർദമായും രണ്ടെണ്ണം തീവ്ര ന്യൂനമർദമായും മാറി. എന്നാൽ, ആഗസ്റ്റിൽ ആകെ രണ്ട് ന്യൂനമർദങ്ങൾ മാത്രമാണുണ്ടായത്. പകരം ജൂണിൽ അഞ്ചും ജൂലൈയിൽ ആറുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.