മധു കേസ്: അമ്മയുടെ ഏകദിന സത്യഗ്രഹം നാളെ
text_fieldsപാലക്കാട്: കുടുംബമോ സമര സമിതിയോ അറിയാത്ത ഡോ. കെ.പി. സതീശനെ മധു കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുക വഴി കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയമ്മ തിങ്കളാഴ്ച രാവിലെ പത്തിന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ഏകദിന സൂചന സത്യഗ്രഹം നടത്തുന്നു. മുഖ്യമന്ത്രിയടക്കം എല്ലാവരേയും കണ്ട് അഡ്വ. ജീവേഷിനേയും അഡ്വ. രാജേഷ് എം. മേനോനേയും അഡ്വ. സി.കെ. രാധാകൃഷ്ണനേയും ഹൈകോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്ന് മധുവിന്റെ കുടുംബവും സമരസമിതിയും പലവട്ടം ആവശ്യപ്പെട്ടതാണ്.
കേസിൽ സർക്കാർ മധുവിന്റെ കുടുംബത്തിനൊപ്പമുണ്ട് എന്ന് പലവട്ടം പറഞ്ഞിട്ടുള്ളതുമാണ്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹരജി ഹൈകോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ ഏകപക്ഷീയമായി ഡോ. കെ.പി. സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് വിജ്ഞാപനം ഇറക്കുന്നത്. കീഴ് കോടതിയിൽ കേസ് നടക്കുമ്പോൾ മൂന്നു പ്രാവശ്യം സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാർ വിട്ടുപോയത് മൂലം കേസിന്റെ വിചാരണ ഏറെ നീളുകയും പ്രതികൾ ഇടപെട്ടു പല സാക്ഷികളെയു കൂറുമാറ്റുകയും ചെയ്ത അനുഭവം മുന്നിലുണ്ട്.
പിന്നീട് അമ്മ ആവശ്യപ്പെട്ട അഡ്വ രാജേഷ് എം. മേനോൻ കേസ് ഏറ്റെടുത്തതിനുശേഷമാണ് ഒരു പരിധിവരെ നീതി നടപ്പാക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ അമ്മക്കും കുടുംബത്തിനും സമരസമിതിക്കും വിശ്വാസമുള്ള അഭിഭാഷകരെ നിയമിക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നതിനാലാണ് അമ്മ സമരത്തിനിറങ്ങുന്നതെന്ന് മധു നീതി സമരസമിതി ചെയർമാൻ വി.എം. മാർസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.