മലമ്പുഴ റിങ് റോഡിലെ ഉരുക്ക് പാലം നിര്‍മാണം ഇഴയുന്നു
text_fieldsപാലക്കാട്: മലമ്പുഴ നിവാസികളുടെ ചിരകാല സ്വപ്നമായ മലമ്പുഴ റിങ് റോഡിലെ പാലം നിര്‍മാണം പൂർത്തിയാക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ്. പാലം നിർമിക്കുന്ന സ്ഥലത്തെ വെള്ളം ഇറങ്ങിയാൽ മാത്രമേ പണി പൂർത്തിയാക്കാൻ കഴിയൂ. മലമ്പുഴ ഡാം കാർഷികാവശ്യങ്ങൾക്ക് തുറന്നാൽ മാത്രമേ ഈ ഭാഗത്തെ വെള്ളം ഒഴിയൂ.
ഡിസംബർ, ജനുവരി മാസങ്ങളിലാണ് കാർഷികാവശ്യങ്ങൾക്ക് ഡാം തുറക്കുക. പാലം പൂര്‍ത്തിയാവുന്നതോടെ 32 കിലോമീറ്റര്‍ വരുന്ന മലമ്പുഴ മുതല്‍ അക്കരപ്രദേശം വരെയുള്ള ദൂരം ഏഴ് കിലോ മീറ്ററായി ചുരുങ്ങും.
മലമ്പുഴ അണക്കെട്ട് മുതല്‍ പൂക്കുണ്ട് വരെയും തോണിക്കടവ് മുതല്‍ തെക്കെ മലമ്പുഴ വരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഉരുക്ക് പാലം. മലമ്പുഴ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ചെറുപുഴക്ക് കുറുകെയാണ് ഉരുക്ക് പാലം നിര്‍മിക്കുക. അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടില്‍ 37. 76 കോടി രൂപ മുടക്കിയാണ് പാലം നിര്‍മാണം. പത്ത് മീറ്റര്‍ വീതിയും 34.7 മീറ്റര്‍ നീളവുമുണ്ടാകും. എലിവാല് മുതല്‍ 555 മീറ്ററും തെക്കെ മലമ്പുഴ മുതല്‍ 327 മീറ്ററും അനുബന്ധപാതയുടെ നിര്‍മാണം പൂര്‍ത്തിയായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ചെന്നൈയിലെ ജാസ്മിന് കമ്പനിയാണ് ഉപകരാറെടുത്ത് പണി നടത്തുന്നത്.
ചെറുപുഴക്ക് കുറുകെ എട്ട് തൂണ് നിര്‍മിച്ച് മുകളില്‍ സ്പാനുകള്‍ വെക്കുന്നത് ത്വരിതഗതിയിലായി. നാലുമാസത്തിനകം മുഴുവന്‍ പണിയും പൂര്‍ത്തിയാക്കി പൊതുഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പാലംപണി പൂര്‍ത്തിയാവുന്നതോടെ വെള്ളെഴുത്താന്‍പൊറ്റ കൊല്ലംകുന്ന്, എലിവാല്, കിളിയകാട്, പൂക്കുണ്ട്, വലിയകാട് വരെയുള്ളവര്‍ക്ക് വാഹനത്തില്‍ എളുപ്പത്തില്‍ മലമ്പുഴയെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.