കർഷകർക്ക് ആശ്വാസമായി മലമ്പുഴ ഡാം ജലസമൃദ്ധിയിലേക്ക്
text_fieldsപാലക്കാട്: ജില്ലയിലെ കർഷകർക്ക് ആശ്വാസമായി മലമ്പുഴ ഡാം ജല സമൃദ്ധിയിലേക്ക്. റൂൾ കർവ് അനുസരിച്ചുള്ള പരമാവധി എത്തിയതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ നാല് സ്പിൽവേ ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ വീതം വ്യാഴാഴ്ച രാവിലെ തുറന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്റർ ആണ്. റൂൾ കർവ് അനുസരിച്ച് 113 മീറ്റർ ആയാൽ ഒന്നാം ഘട്ട മൂന്നറിയിപ്പ് നൽകണം. വ്യാഴാഴ്ച ജലനിരപ്പ് 113.04 മീറ്ററിൽ എത്തിയിരുന്നു. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജലം പുഴയിലേക്ക് തുറന്നത്.
കഴിഞ്ഞയാഴ്ചയിൽ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള ഒഴുക്ക് ശക്തമായിരുന്നു. ഡാം നിറഞ്ഞതോടെ കർഷകരും ആശ്വാസത്തിലാണ്. ജില്ലയിൽ രണ്ടാം വിള പൂർണമായും ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ചാണ്. ഇതിൽ പ്രധാനമായും മലമ്പുഴ ഡാമിലെ വെള്ളമാണ് ഏറ്റവും കൂടുതൽ കൃഷിയിക്കായി ഉപയോഗിക്കുന്നത്. ഡാമിൽ വെള്ളം കുറവായതിൽ കഴിഞ്ഞ വർഷം രണ്ടാം വിളക്ക് ടേൺ അടിസ്ഥാനത്തിൽ ക്രമീകരിച്ചാണ് ജലവിതരണം നടത്തിയത്. ഇതിനുപുറമെ പാലക്കാട് നഗരസഭ ഉൾപ്പെടെ ജില്ലയിലെ ഏഴ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ജലവിതരണം നടത്തുന്നത് മലമ്പുഴ ഡാമിലെ ജലമാണ്.
വേനൽമഴ ലഭിക്കാതെ ജില്ലയിൽ രൂക്ഷമായ വരൾച്ച നേരിടുകയാണെങ്കിൽ ഭാരതപ്പുഴയിലേക്ക് തുറന്ന് തടയണകൾ നിറക്കുന്നതും മലമ്പുഴയിൽ നിന്നാണ്. ഇതോടൊപ്പം പോത്തുണ്ടി, മംഗലം ഡാമുകളും ഒന്നാം ഘട്ട മുന്നറിയിപ്പ് നൽകി സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം ഒഴുക്കുന്നുണ്ട്.
പോത്തുണ്ടിയിൽ മൂന്ന് സ്പിൽവേ ഷട്ടറുകളിലൂടെ ഒരു സെന്റിമീറ്റർ വീതമാണ് ഒഴുക്കുന്നത്. ഡാമിന്റ സംഭരണശേഷി 108.20 മീറ്ററാണ്. വ്യാഴാഴ്ച ജലനിരപ്പ് 106.87 മീറ്റർ ആണ്. മംഗലം ഡാമിൽ നിന്നും മൂന്ന് സ്പിൽവേ ഷട്ടറുകളിലൂടെ 26 സെന്റിമീറ്റർ വീതമാണ് ഒഴുക്കുന്നത്. 77.88 മീറ്റർ ആണ് ഡാമിന്റെ സംഭരണശേഷി. വ്യാഴാഴ്ചത്തെ ജല നിരപ്പ് 76.16 ആണ്. ഈ ഡാമുകളിലെ ജലവും കാർഷികാവശ്യത്തിനാണ് ഉപയോഗിക്കുന്നത്.
ഡാമിലെ ചെളി നീക്കം ചെയ്യും
പാലക്കാട്: ജില്ലയിലെ ഏറ്റവും വലിയ ഡാം മലമ്പുഴ നിറഞ്ഞിട്ടും വിവിധ മേഖലകളിൽ ജലക്ഷാമം നേരിടുന്നതിനു പിന്നിൽ ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാത്തതാണെന്ന് പരാതിയുയർന്നു. 2019ൽ നടത്തിയ പരിശോധനയിൽ 48 എം.എം. ക്യൂബ് ചെളിയുണ്ടെന്നാണ് കണ്ടെത്തിയത്. 2015ൽ നടത്തിയ പരിശോധനയിൽ 28.66 എം.എം.ക്യൂബ് ചെളിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2018ലെ സീസണിലെ മഹാപ്രളയത്തിൽ ഡാമിലെ മലയോരമേഖലയിൽ ഉരുൾപൊട്ടൽ സംഭവച്ചിരുന്നു. ഇവയെല്ലാം കുത്തിയൊലിച്ച് വന്നത് ഡാമിലേക്കാണ്. ഇവയെല്ലാം അടിഞ്ഞുകൂടിയാണ് 48 എം.എം. ക്യൂബിലേക്ക് എത്തിയത്.
2018-19ൽ മാത്രം 20 എം.എം ക്യൂബ് ചെളിയാണ് ഡാമിലെത്തിയത്. ജലസംഭരണി പൂർണതോതിൽ നിറഞ്ഞിട്ടും കാർഷികാവശ്യങ്ങൾക്കുള്ള ജലം മതിയായ തോതിൽ ലഭിക്കാത്തത് ഡാമിലെ ചെളി കാരണമയതിനാൽ ചെളി നീക്കാൻ തീരുമാനിച്ചു. മാർച്ചിൽ ഡി.പി.ആർ സമർപ്പിക്കും. ജലം ഏറ്റവും കുറവുള്ള മേയ് മാസത്തിൽ ചെളി നീക്കം ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.