പുതുവർഷത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി മലമ്പുഴ
text_fieldsപാലക്കാട്: പുതുവർഷത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി മലമ്പുഴ ഉദ്യാനവും. പുഷ്പമേളയുൾപ്പെടെ മനോഹരമായ കാഴ്ചകളൊരുക്കിയാണ് മലമ്പുഴ ഉദ്യാനം സന്ദർശകരെ വരവേൽക്കാൻ തയാറാകുന്നത്. ഓണത്തിനും പുതുവർഷത്തിനും ഉദ്യാനത്തിനകത്ത് വർണവിളക്കുകളാൽ ദീപാലങ്കാരമൊരുക്കാറുണ്ട്.
ഇത് കാണാൻ ധാരാളം സന്ദർശകരെത്തും. ഇതിനുപുറമേ ഉദ്യാനത്തിൽ ജനുവരി 12 മുതൽ 19 വരെ നടക്കുന്ന പുഷ്പമേളയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഊട്ടിയിലെ പുഷ്പമേള കഴിഞ്ഞാൽ പ്രസിദ്ധമായ മലമ്പുഴ ഉദ്യാനത്തിലെ ഫ്ലവർ ഷോ കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ദിവസങ്ങളിൽ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും സന്ദർശകർ എത്താറുണ്ടെങ്കിലും ആഘോഷ സീസണുകളിൽ അയൽസംസ്ഥാനങ്ങളിൽ നിന്നുപോലും ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.
ജലസേചന വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഉദ്യാനത്തിൽ ആഘോഷങ്ങളൊരുക്കുന്നത് ജലസേചന വകുപ്പും ഡി.ടി.പി.സിയും ചേർന്നാണ്. മധ്യവേനലവധി കഴിഞ്ഞാൽ കൂടുതൽ സന്ദർശകരെത്തുന്നത് ക്രിസ്മസ്-പുതുവത്സര സീസണിലാണ്. മലമ്പുഴ ഉദ്യാനം കഴിഞ്ഞാൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും ധാരാളം സന്ദർശകരെത്താറുണ്ട്. ആഘോഷ സീസണുകളിൽ സന്ദർശകരുടെ തിരക്കുമൂലം മലമ്പുഴ ഉദ്യാനം മുതൽ മന്തക്കാട് വരെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടാകും.
തിരക്കേറെയുള്ളപ്പോൾ ഉദ്യാനത്തിനകത്തെ ടൂറിസം പൊലീസിന് പുറമേ മലമ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും സുരക്ഷക്കുണ്ടാകും. ആഘോഷ രാവുകൾ കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കങ്ങളിലാണ് മലമ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.