പുഷ്പമേളയെ വരവേൽക്കാൻ മലമ്പുഴ ഒരുങ്ങി
text_fieldsപാലക്കാട്: മനം കവർന്ന് ചുവപ്പും മഞ്ഞയും വിങ്ക പൂക്കൾ, നിറങ്ങളുടെ വൈവിധ്യം തീർത്ത് പെറ്റൂണിയ, നക്ഷത്രം പോലെ തിളങ്ങുന്ന ആസ്റ്റർ, സാൽവിയയുടെ സ്വർണവർണം, സന്ദർശകരെ വരവേൽക്കാൻ അടിമുടി അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ ഉദ്യാനം. പൂക്കൾകൊണ്ട് നിർമിച്ച ട്രെയിൻ, പൂക്കൾകൊണ്ട് അലംകൃതമായ നടപ്പാതകൾ എന്നിവ ആരുടെയും മനംകവരും.
ഹൃദയഹാരിയായ വിദേശി, സ്വദേശി പൂക്കൾ ഉദ്യാനത്തെ സമ്പന്നമാക്കുന്നു. പൂക്കളുടെ ഭംഗി ഫോണിൽ പകർത്തുന്നവരും സെൽഫിയെടുക്കുന്നവരുമൊക്കെ കൗതുകക്കാഴ്ചയാണ്. 23ന് തുടങ്ങുന്ന പുഷ്പമേളക്ക് മുമ്പേതന്നെ സന്ദർശകരുടെ തിരക്കുണ്ട്.
മഞ്ഞ, വെള്ള, ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികൾ, സൂര്യകാന്തിപ്പൂക്കൾ, കടലാസ് പൂക്കൾ, വിവിധയിനം റോസ് തുടങ്ങി 35 ഇനങ്ങളിലേറെ പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും മലമ്പുഴ ജലസേചന വകുപ്പും ചേർന്നാണ് പുഷ്പമേള ഒരുക്കുന്നത്.
ഇരുനൂറോളം തൊഴിലാളികളാണ് പൂക്കൾ പരിചരിക്കുന്നത്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചത്. ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മലമ്പുഴ ആശ്രമം സ്കൂള്‍, മലമ്പുഴ ലീഡ് കോളജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളജ്, ചിറ്റൂര്‍ ഗവ. കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള 16 വിദ്യാർഥികള്‍ ഉദ്യാനത്തിനകത്ത് ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദര്‍ശനവും വില്പനയും മേളയില്‍ ഉണ്ടായിരിക്കും.
പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിതച്ചട്ടം പാലിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും ഒരുക്കും. രാവിലെ എട്ടുമുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. മേള 28ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.