പാലക്കാട് നഗരസഭ മാസ്റ്റർപ്ലാനിൽ മലയാളം പുറത്ത്
text_fieldsപാലക്കാട്: നഗരസഭ മാസ്റ്റർ പ്ലാനിൽ മലയാളത്തെ പടിക്കുപുറത്തുനിർത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ ഔദ്യോഗിക ഭാഷ വകുപ്പും ഭാഷ സമിതിയും റിപ്പോർട്ട് തേടി. മാസ്റ്റർ പ്ലാൻ രേഖകൾ ഇംഗ്ലീഷിൽ മാത്രം തയാറാക്കി നഗരവികസന ചർച്ചകളിൽ സാധാരണക്കാരെ പുറത്തിരുത്തിയെന്ന് പരാതിക്കാരനായ ബോബൻ മാട്ടുമന്ത പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതി മനുഷ്യാവകാശ കമീഷനും ഫയലിൽ സ്വീകരിച്ചു. 524 പേജുള്ള പഠനവും 316 പേജുള്ള വികസന സങ്കൽപവും ഇംഗ്ലീഷിൽ മാത്രം തയാറാക്കിയ ടൗൺ പ്ലാനിങ് വിഭാഗം ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സംസ്ഥാനത്ത് മലയാളം ഉപയോഗിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നഗരസഭ ലംഘിച്ചതായാണ് ഭാഷാപ്രേമികളുടെ ആരോപണം.
ഭാഷ ന്യൂനപക്ഷത്തിലുള്ളവര്‍ക്ക് അവരുടെ മാതൃഭാഷയിലും കൊടുക്കണമെന്ന ഇതേ ഉത്തരവിലെ നിർദേശവും അട്ടിമറിക്കപ്പെട്ടുവെന്ന് ഇവർ പറയുന്നു. മലയാള ഭാഷ വശമില്ലാത്ത കേരളത്തിന് പുറത്ത് താമസിക്കുന്ന ആളുകൾക്ക് മനസ്സിലാകുന്നതിനും കോടതി വ്യവഹാരങ്ങൾ മുൻനിർത്തിയുമാണ് ഇംഗ്ലീഷിൽ തയാറാക്കിയതെന്നാണ് ജില്ല ടൗൺ പ്ലാനറുടെ മറുപടി. മലയാളത്തിൽ മാസ്റ്റർ പ്ലാൻ ലഭിച്ചിരുന്നുവെങ്കിൽ കൂടുതൽ ക്രിയാത്മകമായ പൊതുജനാഭിപ്രായം ഉയരുമായിരുന്നുവെന്നാണ് കരുതുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.