നാടും നഗരവും ഉത്സവലഹരിയിൽ; മണപ്പുള്ളിക്കാവ് വേല ഇന്ന്
text_fieldsപാലക്കാട്: നാലു ദേശങ്ങൾ സംഗമിക്കുന്ന ചരിത്രപ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലക്ക് വ്യാഴാഴ്ച നഗരം സാക്ഷിയാവും. കത്തിയെരിയുന്ന കുംഭമാസത്തിലെ പകൽ വെയിൽ മായുന്നതോടെ ചരിത്ര സ്മരണകളുറങ്ങുന്ന കോട്ടമൈതാനത്ത് ഭഗവതിമാരുടെ നാലുദേശങ്ങളും സംഗമിക്കും. കിഴക്കേ യാക്കര, പടിഞ്ഞാറേ യാക്കര, കൊപ്പം, വടക്കന്തറ -മുട്ടിക്കുളങ്ങര ദേശങ്ങളാണ് മണപ്പുള്ളിക്കാവിലമ്മയുടെ ഉത്സവത്തിന് ഒരുങ്ങിയത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് മണപ്പുള്ളിക്കാവ് വേല വരുന്നതെങ്കിലും വേലകളുടെ ചരിത്രത്തിലാദ്യമായി മണപ്പുള്ളിക്കാവ് വേല ഫെബ്രുവരി 29 നാണെന്ന പ്രത്യേകതയുമുണ്ട്. തട്ടകങ്ങളെല്ലാം ഒരുങ്ങിയതോടെ നഗരം ഉത്സവ ലഹരിയിലാണ്. ഭഗവതിമാരുടെ തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും വാദ്യമേളങ്ങളുമെല്ലാം വേലക്ക് നിറം പകരും. നാലു ദേശങ്ങളിൽ നിന്നുമുള്ള വണ്ടി വേഷങ്ങളും തട്ടിൻമേൽകൂത്തും വാദ്യമേളങ്ങളുമെല്ലാം കോട്ടമൈതാനത്തെ പുരുഷാരത്തെ ഭേദിച്ച് രാത്രിയോടെ മണപ്പുള്ളിക്കാവിലെത്തുന്ന കാഴ്ച മണപ്പുള്ളിക്കാവ് വേലയുടെ മാത്രം സവിശേഷതയാണ്.
വെയിൽ താഴുന്നതോടെ സുൽത്താൻപേട്ട, കോർട്ട് റോഡ്, കോട്ടമൈതാനം, യാക്കര റോഡ് എന്നിവിടങ്ങളിലൊക്കെ ദേശങ്ങളുടെ വേല കാണാൻ ആളുകൾ എത്തിത്തുടങ്ങും. വൈകീട്ട് ഏഴോടെ കോട്ടക്കു മുന്നിലാണ് നാലു ദേശങ്ങളുടെയും ഗജവീരന്മാർ അണിനിരക്കുന്നത്. എല്ലാ ദേശങ്ങളുടെ വേലകളും മണപ്പുള്ളിക്കാവിൽ എത്തുന്നതോടെ രാവേലക്ക് തുടക്കമാവും. താലൂക്കിൽ പ്രാദേശിക അവധിയും നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാവും. വേലയുടെ ഭാഗമായി നാലു ദേശങ്ങളിലും രാവിലെയും വൈകീട്ടും എഴുന്നള്ളത്തുമുണ്ടാകും. കിഴക്കെ യാക്കര മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ ആരംഭിക്കുന്ന ലക്ഷാർച്ചന വ്യാഴം രാവിലെയോടെ സമാപിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ജനസാഗരത്തെയും ആകാശത്തു നിന്നും അനുഗ്രഹാശിസ്സുകൾ പൊഴിക്കുന്ന ദേവഗണങ്ങളെയും സാക്ഷിയാക്കി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്ന രാവും കഴിഞ്ഞ് കൊടിയിറക്കത്തോടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മണപ്പുള്ളിക്കാവ് വേലക്ക് പരിസമാപ്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.