നെൽകൃഷിയിൽ ചിലന്തി മണ്ഡരി; ആശങ്കയിൽ കർഷകമനം
text_fieldsആലത്തൂർ: പൗർണമി ഇനം വിത്ത് കൃഷിയിറക്കിയ നെൽപ്പാടത്ത് നെല്ലോലകളെ ആക്രമിക്കുന്ന ചിലന്തി മണ്ഡരിയുടെ ആക്രമണം. കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിലെ കൂരോട് മന്ദം, വെള്ളാട്ടുപാവോടി, പുതിയങ്കം, പൊരുവത്തക്കാട്, കീഴ്പ്പാടം പാടശേഖരങ്ങളിൽ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. നിലവിൽ കൊല്ലങ്കോട്, നെന്മാറ താലൂക്കിൽ മാത്രമേ മണ്ഡരി ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
മഴയില്ലാത്തതും വരണ്ടതുമായ കാലാവസ്ഥയിൽ കാണപ്പെടുന്ന മണ്ഡരികൾ മഴക്കാലത്തും കാണപ്പെടുന്നത് നെൽകൃഷി മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണം കൂടുതൽ കീടങ്ങളും രോഗങ്ങളും നെൽപ്പാടത്ത് കാണപ്പെടുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു. ചിലന്തി വർഗത്തിൽ പെട്ടതാണ് 'ഒലിഗോനിക്കസ് ഒറൈസെ' എന്ന് വിളിപ്പേരുള്ള മണ്ഡരികൾ. ഇലയുടെ അടിയിൽ മുട്ടയിട്ട് പെരുകുന്ന ഇവ ഇലകളിലെ നീര് ഊറ്റിക്കുടിക്കുന്നു.
മണ്ഡരി വ്യാപിക്കാനുള്ള കാരണം
ഇടക്കിടെയുള്ള നല്ല വെയിലും മഴയും മണ്ഡരികളുടെ വ്യാപനത്തിന് കാരണമാകുന്നു എന്നാണ് കേരള കാർഷിക സർവകലാശാല മണ്ഡരി വിഭാഗം പറയുന്നത്. നിലവിൽ പൗർണമി ഇനത്തിൽപെട്ട നെൽ ഇനത്തിലാണ് മണ്ഡരി കാണപ്പെടുന്നത്. ഉമ, ജ്യോതി, കാഞ്ചന ഇനങ്ങൾക്കും കീടബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃഷി വകുപ്പ് പറയുന്നു. പലതരത്തിൽപെട്ട മഞ്ഞളിപ്പും ഇലകരിച്ചിലും വയലുകളിൽ കാണുന്നുണ്ടെങ്കിലും ചിലന്തി മണ്ഡരികളാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം നിയന്ത്രണമാർഗങ്ങൾ ചെയ്യാം.
ആക്രമണ ലക്ഷണങ്ങൾ
മണ്ഡരികൾ കൂട്ടത്തോടെ ഇലകളിൽ പെരുകുമ്പോൾ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും വെളുത്ത പാടുകൾ കാണപ്പെടുകയും ചെയ്യുന്നു. ആദ്യം ബാധിച്ച ഇലകൾ കരിഞ്ഞു തൂങ്ങിനിൽക്കും. പുതിയ ഇലകളിൽ നരച്ചതും വെളുത്തതുമായ പാടുകൾ കാണാം. കീടബാധ രൂക്ഷമാണെങ്കിൽ ഇലയുടെ കീഴെ വലകൾ കാണും. വലകളിൽ വെളുത്ത പൊടി അടിയുകയും ഇല ക്രമേണ മഞ്ഞളിച്ച് ഉണങ്ങി നശിക്കുകയും ചെയ്യും.
നിയന്ത്രണ മാർഗങ്ങൾ
കൃത്യമായി മണ്ഡരികളെ തിരിച്ചറിയുക. ബാധയുടെ ആരംഭഘട്ടത്തിൽ വെറ്റബിൾ സൾഫർ എന്ന നാശിനി ഏക്കറിന് 500 ഗ്രാം, 100 ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി തളിക്കാം.
രോഗം രൂക്ഷമാണെങ്കിൽ ഫെനസ്ക്വിൻ, സ്പെറോ മെഫിസിൻ എന്നീ നാശിനികൾ കൃഷി വിഭാഗത്തിെൻറ നിർദേശപ്രകാരം ഉപയോഗിക്കാം. മണ്ഡരി സംബന്ധിച്ച കർഷകരുടെ സംശയങ്ങൾ ആലത്തൂർ കൃഷിഭവനിൽനിന്ന് ദുരീകരിക്കാമെന്നും കൃഷി ഓഫിസർ എം.വി. രശ്മി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.