മംഗലം ഡാം മേഖലയിൽ പുതിയ ക്വാറി തുടങ്ങാൻ നീക്കം
text_fieldsമംഗലംഡാം: വണ്ടാഴി ഗ്രാമപഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്ന വൻകിട ക്വാറികൾക്ക് പുറമേ പുതിയ ഒരു ക്വാറി കൂടി തുടങ്ങാൻ നീക്കം. 11ാം വാർഡ് വടക്കേകളത്തിന് സമീപം രണ്ട് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ കരിങ്കൽ ക്വാറിക്ക് സമീപം പുതിയ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്.
ക്വാറിക്കുള്ള സർക്കാർ അനുമതി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ പാറ പൊട്ടിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് മരങ്ങളും മണ്ണും നീക്കിത്തുടങ്ങി. റബർ തോട്ടങ്ങളും ജനവാസവുമുള്ള ഈ വാർഡിൽ തന്നെ മൂന്ന് ക്വാറികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വീണ്ടും പുതിയ ക്വാറി വരുന്നത് മേഖലയിലെ ജനവാസത്തെയും തോട്ടം, കാർഷിക മേഖലയെയും മംഗലം ഡാമിന് തന്നെയും ഭീഷണിയാവുമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇവിടെ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും ഉൾപ്പെടെ നൂറോളം വാഹനങ്ങൾ ദിവസവും പോകുന്നത് മംഗലംഡാം- മുടപ്പല്ലൂർ റോഡിൽ യാത്ര ദുസ്സഹമാക്കുന്നു. പുതിയ ക്വാറി കൂടി വന്നാൽ ഭാരവാഹനങ്ങൾ വീണ്ടും കൂടുമെന്നും നിലവിലെ സാഹചര്യത്തിൽ റോഡ് തകരുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
പുതിയ ക്വാറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. മുമ്പ് പാറ പൊട്ടിച്ചതിന്റെ ഫലമായി ഈ സ്ഥലത്തോട് ചേർന്ന കാന്തളം, മലയ കോളനിയിലേതടക്കമുള്ള നിരവധി വീടുകളുടെ ചുവരുകൾ വിണ്ടുകീറിയിട്ടുണ്ട്. പുതിയ ക്വാറിക്ക് അനുമതി നൽകുന്നതിന് മുന്നോടിയായി കേരള മലിനീകരണ ബോർഡ് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് ചില പത്രങ്ങളിൽ മാത്രം പരസ്യം നൽകിയെന്നും ആക്ഷേപമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖല ചീഫ് എൻവയോൺമെന്റൽ എൻജിനീയറുടെ നേതൃത്വത്തിൽ മുടപ്പല്ലൂർ ജസിയ ഓഡിറ്റോറിയത്തിൽ ജൂൺ 24ന് രാവിലെ 11ന് തെളിവെടുപ്പും പരാതി സ്വീകരിക്കലും നടത്തുന്നുണ്ട്.
പുതിയ ക്വാറി തുടങ്ങുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾക്ക് രേഖാമൂലം പരാതിയായോ വാക്കാലോ ബോധിപ്പിക്കാമെന്ന് പരസ്യത്തിൽ പറയുന്നുണ്ടെങ്കിലും വില്ലേജ്, പഞ്ചായത്ത് തുടങ്ങി മേഖലയിലെ സർക്കാർ ഓഫിസുകളിൽ ഇത് സംബന്ധിച്ച് നോട്ടിസ് പ്രദർശിപ്പിച്ചില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.