മംഗലം ഡാം കുടിവെള്ള പദ്ധതി: പൈപ്പുകൾ എത്തിത്തുടങ്ങി
text_fieldsമംഗലം ഡാം: നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്ന മംഗലം ഡാം ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ എത്തിത്തുടങ്ങി. ഡാമിലെ പ്രധാന ടാങ്കിൽനിന്ന് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പുകളാണ് എത്തുന്നത്.
പഞ്ചായത്തുകളിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിലാണ് ടാങ്കുകൾ നിർമിക്കുക. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. പ്രതിദിനം ആളോഹരി 100 ലിറ്റർ ശുദ്ധജലം ലഭ്യമാകും. 1,53,350 പേർക്ക് വെള്ളമെത്തുമെന്നാണ് കണക്ക്.
പദ്ധതിക്കാവശ്യമായ പ്രധാന ജലസംഭരണിയുടെയും ജല ശുദ്ധീകരണ ശാലയുടെയും നിർമാണ പ്രവൃത്തികൾ ഡാമിലെ നക്ഷത്ര ബംഗ്ലാക്കുന്നിൽ 80 ശതമാനവും പൂർത്തിയായി.
24.5 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ളതാണ് ഉന്നതതല ജലസംഭരണിയും ജല ശുദ്ധീകരണ ശാലയും. 68 എച്ച്.പി ക്വിയർ വാട്ടർ മോട്ടോർ പമ്പ് സെറ്റ്, സബ് സ്റ്റേഷൻ നിർമാണം, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ തുടങ്ങിയവയും വൈകാതെ തുടങ്ങും. ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായി ഇത് മാറും.
95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തീകരിക്കാൻ 140 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഡാമിലെ ചളിനീക്കൽ പ്രവൃത്തി മൂന്നുവർഷം കൊണ്ട് പൂർത്തിയാകുമ്പോൾ കുടിവെള്ളത്തിനും കൃഷിക്കുമുള്ള വെള്ളം ഡാമിൽ സംഭരിക്കാനാകും. മണ്ണ് നികന്ന് ഡാമിെൻറ സംഭരണശേഷിയിൽ 35 ശതമാനം കുറവു വന്നതിനാൽ മഴക്കാലത്ത് രണ്ട് മൂന്ന് മാസക്കാലം ഷട്ടർ തുറന്ന് പുഴയിലേക്ക് വിട്ട് വെള്ളം പാഴാക്കുന്ന സ്ഥിതിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.