മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് നിധിയുണ്ടെന്ന പേരിൽ 30 ലക്ഷം തട്ടിയതിന്
text_fieldsകൊല്ലങ്കോട് (പാലക്കാട്): മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ നിധിയുണ്ടെന്ന പേരിൽ 30 ലക്ഷം തട്ടിയതിനെന്ന് പൊലീസ്. സിദ്ധന്റെ നിധി കണ്ടെത്തി നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയതാണ് കബീറിനെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മുതലമടയിലെ മാങ്ങ വ്യാപാരി കബീറിനെ (48) ഞായറാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് മധുര മേലൂർ സ്വദേശികളായ ഗോമതിയാപുരം ശിവ (44), പുതുക്കാൻപട്ടി, വിജയ് (26) വെള്ളനാഥൻപട്ടി ഗൗതം ( 25) എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
തമിഴ്നാട് രജിസ്ട്രേഷൻ കാറിലെത്തിയാണ് സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി ആശുപത്രിയിലേക്കെന്ന വ്യാജേന കബീറിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരനായ അബ്ദുൽ റഹ്മാൻ (44) കൂടെ കയറാൻ ശ്രമിച്ചെങ്കിലും തള്ളി മാറ്റി ഇവർ കാറോടിച്ച് പോവുകയായിരുന്നു. സംശയം തോന്നി പൊലീസിൽ പരാതി വിളിച്ചു പറയുകയും കൊല്ലങ്കോട് പൊലീസ് മീനാക്ഷിപുരം പൊലീസിന് നൽകിയ വിവരത്തിൽ കാർ മീനാക്ഷിപുരത്തിനടുത്തു വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇടതുകാലിന് തുടയെല്ലിന് പൊട്ടലുണ്ടായ കബീർ തൃശൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് വർഷം മുമ്പ് മധുര സ്വദേശി ശിവയുടെ അയൽവാസി വെങ്കിടേഷിന്റെ വീട്ടിലെ പറമ്പിൽ നിധിയുണ്ടെന്ന് മധുരയിൽ താമസിക്കുന്ന ദിലീപ് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ആ നിധി കണ്ടെടുക്കാൻ മലയാളികളായ തനിക്ക് പരിചയമുള്ള മൂന്ന് സ്വാമിമാരെ കൂട്ടി കൊണ്ടുവരണമെന്ന് പറയുകയും ചെയ്തു. സ്വാമിമാരെ കൂട്ടാൻ ശിവ, ബന്ധു വിശാലാക്ഷി എന്നിവരെയും കൂട്ടി കൊഴിഞ്ഞാമ്പാറയിൽ സിറാജിന്റെ വീട്ടിലെത്തി. ആ സമയം സിറജിനെ കൂടാതെ കബീർ, റഹീം എന്നിവരും സിദ്ധന്മാരുടെ വേഷത്തിൽ വ്യത്യസ്ത പേരിൽ ഇവരുമായി പരിചയപ്പെട്ടു. നിധി കണ്ടെത്താൻ അന്നുതന്നെ രണ്ടേകാൽ ലക്ഷം രൂപ ശിവയുടെ സുഹൃത്ത് വിജയിൽ നിന്ന് കബീറും സംഘവും കൈപറ്റി.
ഏതാനും ദിവസം കഴിഞ്ഞ് കബീർ, റഹിം, സിറാജ് എന്നിവർ സ്വാമിമാരുടെ വേഷത്തിൽ മധുരയിലുള്ള വെങ്കിടേഷിന്റെ വീട്ടിലെത്തുകയും പൂജ നടത്തി പറമ്പിൽനിന്ന് വിഗ്രഹം കുഴിച്ചെടുത്തു. മറ്റ് കുഴികളിൽ നിന്ന് ചെമ്പ് തകിടുകളും മറ്റും പുറത്തെടുത്ത് ശിവയുടെയും മറ്റുള്ളവരുടെയും വിശ്വാസം ആർജിച്ചു. പിന്നീട് പൂജ നടത്തി നിധി കണ്ടെടുക്കാൻ പല സമയങ്ങളിലായി വിജയ്, ശിവ, ഗൗതം എന്നിവരിൽ നിന്നും 30 ലക്ഷത്തോളം രൂപ കബീറും സംഘവും തട്ടിയെടുത്തു. നിധി ഉടൻ കണ്ടെടുക്കണമെന്ന് മധുരയിലുള്ളവർ നിർബന്ധിപ്പോൾ തുടർന്നും പൂജ നടത്തണമെന്നും അതിന് പണം ആവശ്യമാണെന്നും പൂജ നടത്തുന്നതിൽ ഭംഗം ഉണ്ടായാൽ സ്ഥലം ഉടമകൾക്ക് മരണം സംഭവിക്കുമെന്നും കബീറും സംഘവും വീട്ടുകാരെ വിശ്വസിപ്പിച്ചു.
പണം തിരികെ കിട്ടാൻ രണ്ട് വർഷം മുമ്പ് കൊഴിഞ്ഞാമ്പാറയിൽ എത്തിയ ശിവ, സിറാജിന്റെ കാർ തടഞ്ഞ് കേടുവരുത്തുകയും വാക്കേറ്റവും ഉണ്ടാവുകയും ചെയ്തു. കൊഴിഞ്ഞാ പൊലീസിൽ നൽകിയെങ്കിലും തുക ലഭിക്കാതായാലോ എന്ന ഭീതിയിൽ പരാതിയുമായി മുന്നോട്ടു പോവാൻ ഇരുകൂട്ടരും തയാറായില്ല. പിന്നീട് മധ്യസ്ഥൻമാർ ഇടപ്പെട്ടതിനെ തുടർന്ന് കബീറും സുഹൃത്തുക്കളും പണം തിരികെ കൊടുക്കാം എന്ന് തീരുമാനിച്ചു.
എന്നാൽ, തുക ലഭിക്കാതായതോടെയാണ് മധുര സ്വദേശികൾ കബീറിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി ആസൂത്രണം ചെയ്തതെന്ന് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. പ്രതികളെ ചിറ്റൂർ കോടതയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.