കൊയ്തെടുത്ത 25 ടൺ നെല്ല് മഴയിൽ നശിച്ചു
text_fieldsമങ്കര: കൊയ്തെടുത്ത ഉണക്കാനിട്ട നെല്ലുകൾ തോരാത്ത മഴയെതുടർന്ന് വെള്ളത്തിലായി. മങ്കര കാളികാവ് പാടശേഖരത്തിലെ 90 ഏക്കറോളം വരുന്ന ഒന്നാം വിളയിൽ കൊയ്തടുത്ത നെല്ലുകളാണ് നശിച്ചത്. 10 ദിവസമായി കൊയ്തെടുത്ത നെല്ലുകൾ കാളികാവ് ക്ഷേത്രത്തിലെ ഉത്സവ പറമ്പിലെത്തിച്ചാണ് കർഷകർ ഉണക്കി ചാക്കിലാക്കുന്നത്. എന്നാൽ മഴ മൂലം ചാക്കിലാക്കാനായില്ല. ദിവസങ്ങളായി മഴ കൊണ്ട നെല്ലുകൾ പൂർണമായും മുളച്ച് തുടങ്ങിയതോടെ കർഷകർ ദുരിതത്തിലായി. ചില കർഷകരാകട്ടെ കിട്ടിയ വിലയ്ക്ക് നെല്ല് വിൽക്കുകയും ചെയ്തു.
ചിലർ സപ്ലൈകോക്ക് കൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, ഇവയെല്ലാം മഴ കൊണ്ട് നശിക്കുകയായിരുന്നു. ഏകദേശം 25 ടൺ നെല്ല് മഴയിൽ നശിച്ചതായി കർഷകർ പരാതിപ്പെട്ടു. ഇനി 20 ഏക്കർ നെൽകൃഷി കൊയ്തെടുക്കാനുണ്ട്. വെള്ളം മൂടിയതോടെ ഇവയെല്ലാം കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കടം വാങ്ങിയും സ്വർണങ്ങൾ പണയം വെച്ചുമാണ് ഇത്തവണ ഒന്നാം വിളയിറക്കിയത്. ഗുജറാൾ വിത്താണ് കൃഷിയിറക്കിയത്.
ഒരു ഏക്കറിന് 35,000 രൂപ ചെലവ് വന്നതായി കർഷകർ പറഞ്ഞു. മഴ കനിഞ്ഞാലേ യന്ത്രം ഇറക്കി കൊയ്തെടുക്കാനാകു. ഒരാഴ്ച മഴ തുടർന്നാൽ എല്ലാം പൂർണമായി നശിക്കും. നൂറിൽ താഴെ കർഷകർ ഇത്തവണ ഒന്നാം വിളയിറക്കിയിട്ടുണ്ട്. ചെറിയ വെയിലിൽ ഉണക്കിയെടുക്കാനുള്ള ശ്രമം നടക്കുമ്പോഴും മഴ തടസ്സം നേരിടുന്നതായി പാടശേഖര സമിതി കൺവീനർ മോഹനകണ്ണൻ പറഞ്ഞു. ഗീത ചേറ്റൂർ, രാമദാസ്, സ്വരൂപ്, തുളസീദാസ്, രാധ, സുനിൽ കൃഷ്ണൻ തുടങ്ങിയ കർഷകരുടെ നെല്ല് വെള്ളത്തിൽ മുങ്ങി നശിച്ചിട്ടുണ്ട്. സപ്ലൈകോ നെല്ല് ഉടൻ സംഭരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.