കൊട്ട നെയ്ത്തൊഴിൽ മേഖല പ്രതിസന്ധിയിൽ
text_fieldsമങ്കര: അവശ്യ ഉൽപന്നങ്ങൾ കിട്ടാക്കനിയായതോടെ കൊട്ട, മുറം, നെയ്ത്ത് തൊഴിൽ മേഖല പ്രതിസന്ധിയിൽ. മങ്കര പഞ്ചായത്തിലെ കണ്ണമ്പരിയാരം കൂട്ടാല മേഖലയിലെ കൊട്ട നെയ്ത്ത് പരമ്പരാഗത തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. നെയ്തെടുക്കാനാവശ്യമായ മുള പോലും കിട്ടാക്കനിയായി. കാർഷിക പ്രവൃത്തികളിൽ യന്ത്രവത്കരണം കൂടിയായതോടെ സാധനങ്ങൾക്ക് ആവശ്യക്കാരില്ലാതെയായി.
കർഷകർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത അവശ്യസാധനങ്ങളായിരുന്നു മുറം, കുണ്ടുമുറം, വട്ടി, കൊട്ട എന്നിവ. നെയ്ത്തിനാവശ്യമായ ഉൽപന്നങ്ങളുടെ വില കൂടുതലും ഇവ കിട്ടാക്കനിയായതും തൊഴിലാളികൾക്ക് തിരിച്ചടിയായി. ഇതോടെ ഉൽപന്നങ്ങൾക്കും വിലവർധിപ്പിക്കേണ്ട സാഹചര്യമാണ്. ആവശ്യക്കാർ കുറവായതും മുള ലഭിക്കാത്തതും തൊഴിലാളികളുടെ ജീവിതം പോലും വഴിമുട്ടിക്കുന്നു. ദിവസം ആറ് വീതം മുറങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും ഇന്നിപ്പോൾ ഒരു മുറമേ തയാറാക്കുന്നുള്ളു. ചേറുന്ന മുറത്തിന് 150 രൂപയാണ് വില. കുണ്ടുമുറം 200 രൂപയും. ഗ്രാമങ്ങളിൽ തലച്ചുമടായി കണ്ടുനടന്ന് വിറ്റാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. കൊട്ട നെയ്ത് പ്രോത്സാഹിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് പരമ്പരാഗത കൊട്ട, മുറം, നെയ്ത് തൊഴിലാളി കൂടിയായ മങ്കര കൂട്ടാല കല്യാണിയുടെ ആവശ്യം. പഴയ തലമുറക്കാർ കഴിഞ്ഞാൽ തൊഴിൽ തന്നെ ഇല്ലാതാകുമെന്നും ഇത്തരം തൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കല്യാണി ആവശ്യപ്പെടുന്നു. ഇക്കാര്യം മങ്കര പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വാർഡംഗം കെ.ബി. വിനോദ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.