സംഭരണം വൈകുന്നു:ഉണക്കാനിട്ട നെല്ല് മഴയിൽ നശിക്കുന്നു
text_fieldsമങ്കര: നെല്ല്സംഭരിക്കാൻ നടപടി വൈകുന്നതിനാൽ കർഷകർ പറമ്പിലും വയലിലും ശേഖരിച്ച് വെച്ച നെല്ല് മഴ നനഞ്ഞ് നശിക്കുന്നു. മങ്കര പഞ്ചായത്തിലെ കാരാങ്കോട് പാടശേഖരത്തിൽ കർഷകർ വിവിധയിടങ്ങളിൽ ഉണക്കി ശേഖരിച്ചുവെച്ച നെല്ലാണ് മഴ മൂലം നാശത്തിലായത്.
മഴയെ തുടർന്ന് അടിഭാഗം നനഞ്ഞ നെല്ല് ദിവസവും ഉണക്കേണ്ട അവസ്ഥയിലാണ്. ഉണങ്ങിയ നെല്ല് ചാക്കിലാക്കി സൂക്ഷിക്കുകയാണ് സാധാരണ പതിവ്. എന്നാൽ സപ്ലൈകോ പ്രതിനിധികൾ വന്ന് നെല്ല് പരിശോധിച്ച ശേഷം ചാക്കിലാക്കിയാൽ മതിയെന്ന നിർദേശമാണ് കർഷകർക്ക് വിനയായത്.
ഉണങ്ങിയ നെല്ല് വീട്ടിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് പാടത്തും പറമ്പിലും ഇട്ട് ഉണക്കിയെടുക്കുന്നത്. ദിവസവും മഴയുള്ളതിനാൽ നെല്ല് നനയുന്നത് കഷകർക്ക് ഇരട്ടി ജോലിയും അധിക ചെലവുമായി മാറിയിട്ടുണ്ടന്ന് കാരാങ്കോട് പാടശേഖരത്തിലെ കർഷകരായ ശിവദാസ്, വാസു എന്നിവർ പറഞ്ഞു. ഇവരുടെ 150 ഓളം ചാക്ക് നെല്ല് മഴ കൊണ്ട് രണ്ടാമതും ഉണക്കുന്ന തിരക്കിലാണ്. ഉണക്കി ശേഖരിച്ച നെൽ കൂമ്പാരത്തിന് മുകളിൽ പ്ലാസ്റ്റിക് കവറിട്ടാണ് സൂക്ഷിക്കുന്നത്. എങ്കിലും അടിഭാഗം നനയുന്ന അവസ്ഥയുണ്ട്. നനഞ്ഞ അടിഭാഗത്തെ നെല്ല് മുളപൊട്ടുന്ന അവസ്ഥയിലുമാണ്.
കൃഷിക്കാർക്ക്തൊഴിലാളികളെ കിട്ടാത്തതും പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിപ്പണികൾക്ക് വിട്ട് നൽകണമെന്നും നെല്ല് ഉടൻ സംഭരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കൊയ്ത്തുയന്ത്രമില്ല; നെല്ല് വെള്ളത്തിൽ വീണ് ചീയുന്നു
കോട്ടായി: കൊയ്ത്തുയന്ത്ര ക്ഷാമം കാരണം കൊയ്ത്ത് വൈകിയതിനാൽ വിളഞ്ഞ നെല്ല് വെള്ളത്തിൽ വീണ് നശിക്കുന്നു. ഭൂരിഭാഗം പാടശേഖരങ്ങളിലും ഒരേ സമയം കൊയ്ത്തിന് പാകമായതാണ് യന്ത്ര ക്ഷാമം രൂക്ഷമാകാൻ കാരണം. തമിഴ്നാട്ടിൽ നിന്നും എത്തിയ യന്ത്രങ്ങളാണ് കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ കൊയ്ത്തിനിറങ്ങിയിട്ടുള്ളത്.
പ്രാദേശിക ഏജന്റുമാർ മുഖേനയാണ് ഇവ എത്തിക്കുന്നത്. മണിക്കൂറിന് 2400 രൂപ തോതിലാണ് വാടക ഈടാക്കുന്നതെന്നും കർഷകർ പറയുന്നു. ചേറിലും ചെളിയിലും കൊയ്ത്ത് നടത്താൻ സാധാരണത്തേതിന്റെ ഇരട്ടി സമയം വേണ്ടിവരുമെന്നും ഇത് കർഷകന് ഇരട്ടിച്ചെലവ് വരുമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.