എന്ന് തീരുമീ ദുരിതയാത്ര
text_fieldsചെളിക്കുളമായി മങ്കര-കാളികാവ് ശ്മശാനം റോഡ്
മങ്കര: മഴ പെയ്തതോടെ മങ്കര-കാളികാവ് ശ്മശാനത്തിലേക്കുള്ള റോഡ് ചളിക്കുളമായി. ഇതോടെ മൃതദേഹം എത്തിക്കാനായി ആളുകൾ ഏറെ പ്രയാസം നേരിടുന്നു. വെള്ളം കെട്ടിനിന്ന് വാഹന യാത്രികർക്ക് കുഴികൾ കാണാനാകാത്ത സ്ഥിതിയാണ്. മങ്കര-കാളികാവ് റോഡിൽനിന്ന് അര കിലോമീറ്റർ അകലെയാണ് പൊതുശ്മശാനം. തകർന്ന റോഡിലൂടെ ആംബുലൻസ് ഓടിക്കാൻ ഡ്രൈവർമാർ മടിക്കുകയാണ്. മാറി വന്ന ഭരണസമിതികളൊന്നും റോഡ് നന്നാക്കാൻ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ പൂർത്തിയാകുന്ന മുറക്ക് കോൺക്രീറ്റ് നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് പറഞ്ഞു.
പറളിയിലെ പഴയ റോഡ് നവീകരണം
30 ലക്ഷം രൂപ പാഴായി; മൂന്ന് ലക്ഷത്തിന് ഓട്ടയടക്കാൻ നീക്കം
പറളി: നൂറ്റാണ്ട് പഴക്കമുള്ള പറളിയിലെ പഴയ റോഡിന്റെ സംരക്ഷണത്തിന് നേരത്തെ അനുവദിച്ച 30 ലക്ഷം രൂപ പാഴായി. നാശത്തിലേക്ക് കൂപ്പു കുത്തുന്ന പഴയ റോഡും പാലവും മൂന്ന് ലക്ഷം കൊണ്ട് ഓട്ടയടക്കാനാണ് തീരുമാനം. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പഴയ റോഡും പാലവും കുഴികൾ നിറഞ്ഞിരിക്കുകയാണ്. പാലത്തിന്റെ കൈവരികളിൽ മരം വളർന്ന് നാശ ഭീഷണിയിലാണ്.
പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 30 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചിരുന്നെങ്കിലും മെയിന്റനൻസ് ഗ്രാൻഡ് കുറവായതിനാൽ തുക വെറും മൂന്നു ലക്ഷമായി ചുരുക്കി. ഇതോടെ മുപ്പത് ലക്ഷത്തിന്റെ പണി മൂന്നു ലക്ഷത്തിലൊതുക്കി ഓട്ടയടക്കാനാണ് പദ്ധതിയെന്ന് ആക്ഷേപമുയർന്നു.
നിർമാണം പൂർത്തിയാകും മുമ്പേ കണ്ണന്നൂർക്കടവ് പാലം ഗതാഗതത്തിന് തുറന്നു
കൊല്ലങ്കോട്: കണ്ണന്നൂർ കടവ് പാലം നിർമാണം പൂർത്തിയാക്കും മുമ്പേ തുറന്നത് പ്രതിഷേധത്തിനിടയാക്കി. കാലപ്പഴക്കത്താൽ നാശത്തിലായ ഗായത്രി പുഴക്ക് കുറുകെയുള്ള കണ്ണന്നൂർ കടവ് പാലം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 4.77 കോടി ചിലവിട്ടാണ് പുനർനിർമാണം ആരംഭിച്ചത്. നിർമാണപുരോഗതി വിലയിരുത്താൻ എത്തിയ പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് 2023 മാർച്ചിനകം പാലം തുറന്നുകൊടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല. കരാറുകാരുടെ അനാസ്ഥ യാണ് നിർമാണം വൈകിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പലത്തിന്റെ വശങ്ങളിൽ സംരക്ഷഭിത്തി നിർമിക്കാതേയും റോഡും പാലവുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഇരുവശവും കോൺക്രീറ്റ് ഭിത്തിയും ടാറിങ്ങും നടത്താതെയുമാണ് ഗതാഗതത്തിന് തുറന്ന് നൽകിയത്. മുള ഉപയോഗിച്ചും കമ്പി ഉപയോഗിച്ചുമാണിപ്പോൾ കൈവരി നിർമിച്ചിരിക്കുന്നത്. കൊല്ലങ്കോട്-കുനിശ്ശേരി പൊതുമരാമത്ത് റോഡിലെ പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രമാണ് അനുമതി നൽകിയതെങ്കിലും ടിപ്പറുകളും കടന്നു പോകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.