പരിപാലനവും സംരക്ഷണവുമില്ല; മിയാവാക്കി വനം നശിക്കുന്നു
text_fieldsമങ്കര: ഏറെ കൊട്ടിഘോഷിച്ച് ജപ്പാൻ മോഡലിൽ തയാറാക്കിയ മങ്കര കല്ലൂരിലെ മിയാവാക്കി വനം വേണ്ടത്ര സംരക്ഷണമില്ലാതെ നശിക്കുന്നു. മങ്കര 14ാം വാർഡിൽ കല്ലൂരിലാണ് 14 സെന്റ് ഭൂമിയിൽ മിയാവാക്കി വനം നിർമിച്ചത്. ചുരുങ്ങിയ ചിലവിൽ ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വനവൃക്ഷങ്ങൾ നട്ടുപ്പിടിപ്പിച്ച് ജപ്പാൻ മാതൃകയിൽ വനമേഖല ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. 2021 നവംബർ മാസത്തിലാണ് പദ്ധതി നിർമാണം.
തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടുലക്ഷം രൂപ ചിലവിലായിരുന്നു നിർമാണം. 300ലേറെ വിവിധയിനം മരച്ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. തുടക്കം ഒന്നുരണ്ടു വർഷങ്ങളിൽ ഇവയെ പരിപാലിച്ചിരുന്നെങ്കിലും തുടർന്നങ്ങോട്ട് പരിപാലനവും സംരക്ഷണവുമില്ലാതെ വനം നാശ ഭീഷണിയിലാണ്. ചുറ്റുവേലിയില്ലാത്തതിനാൽ ഇതിനകത്ത് കൂടിയാണ് പലരുടെയും സഞ്ചാരപാത. ജില്ലയിൽ രണ്ടാമത്തെ മിയാവാക്കി വനമുള്ള പഞ്ചായത്തെന്ന ബഹുമതി മങ്കര സ്വന്തമാക്കിയിരുന്നു.
ലക്ഷങ്ങൾ ചിലവാക്കി തയാറാക്കിയ വനം പഞ്ചായത്ത് സംരക്ഷിച്ചില്ലെങ്കിൽ എല്ലാം പൂർണമായും ഉണങ്ങി നശിക്കാനാണ് സാധ്യത. ചുറ്റുവേലി കെട്ടി സംരക്ഷിക്കണമെന്നും ബോർഡ് സ്ഥാപിക്കണമെന്നും പല തവണ പഞ്ചായത്ത് ഭരണ സമിതിയിൽ ആവശ്യമുന്നയിച്ചെങ്കിലും നടപടികളൊന്നും എടുത്തില്ലെന്ന് വാർഡംഗം രതീഷ് കുമാർ പറഞ്ഞു. ഈ വർഷത്തെ പദ്ധതിയിലുൾപെടുത്തി ചുറ്റുവേലി കെട്ടി സംരക്ഷിക്കാൻ നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.