ഹൗസ് കണക്ഷൻ നൽകിയില്ല; മങ്കരയിൽ കാലിക്കുടവുമായി വീട്ടമ്മമാരുടെ പ്രതിഷേധം
text_fieldsമേഖലയിലെ പട്ടികജാതി വിഭാഗത്തിലുള്ളവരടക്കം 75 ലേറെ കുടുംബങ്ങളാണ് തീരാദുരിതത്തിലായത്. സമീപത്തുകൂടി കോട്ട കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പോകുന്നുണ്ടങ്കിലും ഇവർക്കാർക്കും ഹൗസ് കണക്ഷൻ ലഭിച്ചിട്ടില്ല. 2015ൽ ജലനിധി പദ്ധതിയുടെ പേര് പറഞ്ഞ് 2000 മുതൽ 2200 രൂപ വരെ ഹൗസ് കണക്ഷനിനായി അധികൃതർ പിരിച്ചിട്ടുണ്ട്. എന്നാൽ, ആറുവർഷം പിന്നിട്ടിട്ടും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണിവർ. എന്നാൽ, കുറച്ച് കുടുംബങ്ങൾക്ക് കണക്ഷൻ ലഭിച്ചിട്ടുണ്ട്. 75 കുടുംബങ്ങൾക്കായി രണ്ടുപൊതുടാപ്പുകൾ മാത്രമാണ് ഏക ആശ്രയം. ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ പൊതുടാപ്പിൽ വെള്ളം ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പലതവണ കയറിയിറങ്ങിയെങ്കിലും നടപടി ഉണ്ടായില്ല. കോവിഡ് കാലത്താണ് ഇവർ കുടിവെള്ളത്തിനായി ഏറെ വലഞ്ഞത്. സ്വകാര്യ വ്യക്തികൾ വെള്ളമെടുക്കാൻ പോലും സമ്മതിച്ചിരുന്നില്ല. മുഴുവൻപേർക്കും ഹൗസ് കണക്ഷൻ ലഭ്യമാക്കണമെന്ന് സമരത്തിൽ പങ്കെടുത്ത വീട്ടമ്മമാർ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി ഇവരോടപ്പമുണ്ടാകുമെന്ന് ടീം മങ്കരയും വ്യക്തമാക്കി. പൊതുപ്രവർത്തകൻ ശംസുദ്ദീൻ മാങ്കുറുശ്ശി ഉദ്ഘാടനം ചെയ്തു.വകുപ്പ് മന്ത്രി, ജില്ല കലക്ടർ, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകും. നൗഫീക്, രാഘവൻ, പി.എ. മുഹമ്മദ് സാദിക്, അനിത, സുഹർ ഭാനു, ലീല ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.