മുറ്റം നിറഞ്ഞ് മഴവെള്ളം; പ്രതിസന്ധിയിൽ രണ്ട് കുടുംബങ്ങൾ
text_fieldsമങ്കര: റോഡിലും വീടുമുറ്റത്തും വെള്ളം കയറിയതോടെ രണ്ട് കുടുംബങ്ങൾ തീരാദുരിതത്തിൽ. മങ്കര ഒന്നാം വാർഡിൽ കല്ലൂർ പട്ടത്തറ റോഡിലാണ് മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. പ്രദേശത്തെ പട്ടത്തറ സ്വദേശികളായ കദീജ ഉമ്മയുടെയും മുഹമ്മദലിയുടെയും വീട്ടിലേക്കാണ് വെള്ളം വ്യാപകമായി ഒഴുകുന്നത്. ഒരു വർഷം മുമ്പാണ് ഈ റോഡ് കോൺക്രീറ്റ് ചെയ്തത്. തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിലവിൽ വെള്ളം പൂർണമായും റോഡിലൂടെ ഒഴുകി ഇരുവരുടെയും വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് വീടുകൾക്കും ഭീഷണിയാണ്. റോഡിൽ മുട്ടോളം വെള്ളക്കെട്ടായതിനാൽ കാൽ നടയാത്രയും ദുരിതമാണ്. റോഡ് നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് വീട്ടുടമകൾ പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കലക്ടർ, മങ്കര പഞ്ചായത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. റോഡിന്റെ താഴ്ന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ഉയർത്തി പ്രശ്നപരിഹാരം കാണണമെന്ന് വീട്ടുടമകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.