ചുവരിൽ ചുണ്ണാമ്പ് തേച്ചു, നിർധന കുടുംബം 'ലൈഫി'ന് പുറത്തായി
text_fieldsമങ്കര: ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരുന്ന അഞ്ചംഗ നിർധന കുടുംബം പട്ടികക്ക് പുറത്ത്. മങ്കര കല്ലൂർ തോട്കാട് വീട്ടിൽ ടി.എ. സൈനബയും സഹോദരനും ഭിന്നശേഷിക്കാരനുമായ ഇസ്മായിലും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബമാണ് രണ്ടാമത്തെ പട്ടികയിലും ഇടംനേടാതെ പോയത്.
80കഴിഞ്ഞ രോഗികളായ മാതാപിതാക്കളും ഇവർക്കൊപ്പമാണ് താമസം. മൺചുവരിന് ചുണ്ണാമ്പ് തേച്ചതിന്‍റെ പേരിലാണ് ഇവർ പട്ടികയിൽനിന്ന് പുറത്തായത്.അവിവാഹിതയായ സൈനബ കൂലിപ്പണിയെടുത്താണ് അഞ്ചംഗ കുടുംബം കഴിഞ്ഞുകൂടുന്നത്. രോഗികളായ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻപോലും വഴിയില്ല. ഒന്നര വർഷം മുമ്പ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ആദ്യത്തെ കരട് പട്ടികയിൽപോലും പേരുണ്ടായിരുന്നില്ല.
തുടർന്നും അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. 60 വർഷം പഴക്കമുള്ള മൺചുവരുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. ചുവർ ചുണ്ണാമ്പ് തേച്ചതാണ് ഇവർ ചെയ്ത ഏകതെറ്റ്. ഇതോടെ വീട് വാസയോഗ്യമാണന്നാണത്രേ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
മൺചുവരെല്ലാം വീണ്ടുകീറി കിടപ്പുണ്ട്. മേൽക്കുര ചിതലരിച്ച് ഏതുസമയവും നിലം പതിക്കാവുന്ന അവസ്ഥയാണ്. ഈ അവസ്ഥയെല്ലാം ചൂണ്ടിക്കാട്ടി കലക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.