അറിയണം, നിലംപൊത്താറായ കൂരയിൽ ഭീതി തിന്നുന്ന കുടുംബത്തെ
text_fieldsമങ്കര: അമ്പത് വർഷം പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞ വീടിനകത്ത് ദുരിതംപേറി അഞ്ചംഗ കുടുംബം. വീട് ഏത് സമയവും നിലംപൊത്തൽ ഭീഷണിയിലായതോടെ കുടുംബം രണ്ടു വർഷമായി ഭീതിയിലാണ് കഴിയുന്നത്.
മങ്കര ചെമ്മുക ചുങ്കത്ത് വീട്ടിൽ 70 കാരിയായ നാരായണിയും കുടുംബവുമാണ് ദുരിതവുമായി കഴിയുന്നത്. ഒന്നര വർഷം മുമ്പാണ് കാലവർഷക്കെടുതിയിൽ വീടിന്റെ ഒരു ഭാഗം തകർന്നത്. നഷ്ടപരിഹാരത്തിന് വില്ലേജിൽ പരാതിയും നൽകി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാലവർഷക്കെടുതിക്കുള്ള ഒരു ധനസഹായവും ഇന്നേവരെ ലഭിച്ചിട്ടില്ല.
രോഗബാധിതരായ മകളും മകനും രണ്ടു പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഏക വരുമാനം നാരായണിയുടെ തൊഴിലുറപ്പ് വരുമാനമാണ്. ലൈഫ് പദ്ധതിയിലെ പട്ടികയിൽ പേരുണ്ടെങ്കിലും വളരെ പിറകിലാണ്. ഇടിഞ്ഞ ഭാഗത്തെ അടുക്കളയിൽ പട്ടയും പ്ലാസ്റ്റിക്കും കെട്ടി മറച്ചാണ് കഴിയുന്നത്. മൺകട്ടയുള്ള വീടിന്റെ ചുമരെല്ലാം വിണ്ടുകീറി. അടുത്ത മഴ കൂടി വന്നാൽ വീട് പൂർണമായും നിലം പൊത്തുമെന്ന ഭീതിയിലാണ് ഈ കുടുംബം.
എന്തായാലും കോങ്ങാട് നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനുള്ള ശ്രമത്തിലാണ് നാരായണി. മുഖ്യമന്ത്രി കനിയുമെന്നാണ് പ്രതീക്ഷ.
ലൈഫ് ഭവന പദ്ധതി: പരാതികൾ വർധിക്കുന്നു
കൊല്ലങ്കോട്: ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു. നെന്മാറയിൽ നടക്കുന്ന നവകേരള സദസ്സിലേക്കുള്ള പരാതികളിലേറെയും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. മുതലമട, എലവഞ്ചേരി, പുതുനഗരം, നെന്മാറ, നെല്ലിയാമ്പതി, അയിലൂർ, പല്ലശ്ശന, വടവന്നൂർ, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായത്തുകളിൽനിന്നാണ് പരാതികൾ കൂടുതൽ. പദ്ധതിയിൽ അപേക്ഷ നൽകിയവരിൽ ഭൂരിഭാഗവും ഓലക്കുടിലിലാണ് വസിക്കുന്നത്.
സിമന്റ് ഷീറ്റ് മേഞ്ഞ വീടുകളിൽ വസിക്കുന്നവരും ഉണ്ട്. മുതലമട നിരപ്പാറ ചള്ളയിൽ ചുള്ളിയാർ ഡാം ഇറിഗേഷൻ പുറംപോക്കിൽ വസിക്കുന്ന 13ലധികം കുടുംബങ്ങളിൽ എട്ടിലുമുള്ളവർ സ്ഥലവും വീടുമില്ലാതെ തകർന്നു വീഴാറായ ഓലക്കുടിലിലാണ് വസിക്കുന്നത്.
12 ലധികം വിദ്യാർഥികളുള്ള എട്ട് കുടുംബങ്ങൾക്ക് അടിയന്തിരമായി ലൈഫ് പദ്ധതിയിൽ ഭൂമിയും വീടും നൽകണമെന്നാണ് പുറം പോക്കിൽ വസിക്കുന്നവരുടെ ആവശ്യം. നെന്മാറ മണ്ഡലത്തിൽ ആദിവാസികൾ ഉൾപ്പെടെയുള്ള ഭവനമില്ലാത്തവർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നുള്ള നിരവധി ആവശ്യങ്ങളാണ് നവകേരള സദസ്സിലേക്ക് നൽകാൻ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.