മണ്ണാർക്കാട്ടെ ഭൂമി തട്ടിപ്പ്; പട്ടികജാതി, ഗോത്ര കമീഷൻ ഉത്തരവ് നടപ്പാക്കണം
text_fieldsപാലക്കാട്: ഭൂരഹിത, ഭവനരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം വാങ്ങി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തി വീട് നിർമിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഇടനിലക്കാരൻ വാങ്ങി നൽകിയെന്ന പരാതിയിൽ തട്ടിപ്പിനിരയായ 20 പേർക്കും വാസയോഗ്യവും സഞ്ചാരയോഗ്യവുമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പട്ടികജാതി വികസന ഓഫിസറെയും തഹസിൽദാറെയും ചുമതലപ്പെടുത്തണമെന്ന പട്ടികജാതി, ഗോത്രവർഗ കമീഷന്റെ ഉത്തരവ് നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇതുസംബന്ധിച്ച് പട്ടികജാതി, ഗോത്ര വർഗ കമീഷൻ പാസാക്കിയ ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
2022 ഒക്ടോബർ 11ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമീഷൻ പാസാക്കിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കി പരാതിക്ക് പരിഹാരം കാണണമെന്നും കമീഷൻ നിർദേശിച്ചു.
പട്ടികജാതി വികസനവകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും പട്ടികജാതി വികസന ഡയറക്ടർക്കുമാണ് കമീഷൻ ഉത്തരവ് നൽകിയത്. മണ്ണാർക്കാട് വില്ലേജിലാണ് സംഭവം.
മണ്ണാർക്കാട് കൊറ്റിയോട് സ്വദേശിനി സരോജിനി ഉൾപ്പെടെ 19 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥലം ഉടമകളിൽ നിന്നും ഇടനിലക്കാരനായിനിന്ന ആൾ വീടുവെക്കാൻ യോഗ്യമല്ലാത്ത സ്ഥലം വാങ്ങി നൽകിയെന്നാണ് പരാതി. കമീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പട്ടികജാതി, ഗോത്രവർഗ കമീഷൻ ഉത്തരവിട്ടിരുന്നു. ഭൂമി തട്ടിപ്പ് അപൂർവങ്ങളിൽ അപൂർവമായതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഇളവ് വരുത്തി പരാതിക്കാരെ കൂടി ഉൾപ്പെടുത്തി ഭൂമി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പട്ടികജാതി, ഗോത്രകമീഷൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.