തെങ്കര മേലാമുറിയിൽ കാട്ടുപോത്തിറങ്ങി
text_fieldsമണ്ണാര്‍ക്കാട്: തെങ്കര മേലാമുറി ഭാഗത്ത് ജനത്തെ പരിഭ്രാന്തരാക്കി കാട്ടുപോത്തിറങ്ങി. ജനവാസ മേഖലയിലൂടെ ഓടിയ കാട്ടുപോത്തിനെ രണ്ടുമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പും ദ്രുതപ്രതികരണസേനയും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തത്തേങ്ങലം പരുത്തിമല ഭാഗത്തെ തോട്ടത്തിന് സമീപം തിങ്കളാഴ്ച രാത്രി കാട്ടുപോത്തിനെ നാട്ടുകാര്‍
കണ്ടിരുന്നു. തുടര്‍ന്ന് രാവിലെയും കണ്ടു. വിവരമറിഞ്ഞതോടെ മണ്ണാര്‍ക്കാട് ആര്.ആര്.ടിയും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍നടത്തി. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടു. പടക്കംപൊട്ടിച്ച് കാടുകയറ്റാന്‍ നോക്കിയെങ്കിലും കാട്ടുപോത്ത് മേലാമുറി കനാല്ബണ്ടിന് സമീപത്തെ റോഡിലൂടെ ഓടുകയാണുണ്ടായത്. മെഴുകുംപാറ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഒച്ചയിട്ടതോടെ വീണ്ടും മേലാമുറി ഭാഗത്തേക്ക് തിരിഞ്ഞു.
അതേസമയം കാട്ടുപോത്ത് ആക്രമണസ്വഭാവം കാണിക്കാതിരുന്നതും അനുഗ്രഹമായി. പിന്നീട് മേലാമുറി വനാതിര്‍ത്തിയോട് ചേര്‍ന്ന അട്ടിഭാഗത്തെത്തിയ കാട്ടുപോത്ത് കാടുകയറി.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എ. സുബൈര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ രാംകുമാര്‍, പുരുഷോത്തമന്, ആര്.ആര്.ടി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ബാബു, സന്ധ്യ, നിശാന്തി, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ലക്ഷ്മി എന്നിവരും ചേര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ കാട്ടുപോത്തിനെ കാടുകയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.