മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ; എ.ബി.സി കേന്ദ്രം വരുന്നു
text_fieldsമണ്ണാര്‍ക്കാട്: രൂക്ഷമായ തെരുവുനായ് ശല്യത്തിന് പരിഹാരമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ എ.ബി.സി കേന്ദ്രം വരുന്നു. പദ്ധതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. 70 ലക്ഷം രൂപക്കാണ് ടെന്‍ഡര്‍. മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് മൂന്നുവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ലഭ്യമാകുന്ന ടെന്‍ഡറുകള്‍ 25ന് തുറക്കും.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ടെന്‍ഡര്‍ ഏറ്റെടുക്കുന്നവരുമായി കരാര്‍ വെച്ച് ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി.
തച്ചമ്പാറ പഞ്ചായത്ത് അനുവദിച്ച ചൂരിയോട് പൊതുശ്മശാനത്തോട് ചേര്‍ന്ന 20 സെന്റ് സ്ഥലത്താണ് എ.ബി.സി പദ്ധതിക്കായുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുക. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപറേഷന് തിയറ്റര്‍, ഓപറേഷന് മുമ്പും ശേഷവും പാര്‍പ്പിക്കുന്നതിനുള്ള കൂടുകള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ഡോക്ടര്‍, അറ്റന്‍ഡര്‍ എന്നിവര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് കെട്ടിടത്തില്‍ നിര്‍മിക്കുക.
സൗകര്യങ്ങളെല്ലാം ഒരുക്കിയ ശേഷം അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്ന് ലൈസന്‍സ് എടുക്കും. പിന്നീട് തെരുവുനായ് വന്ധ്യംകരണത്തിനുള്ള സ്ക്വാഡ് രൂപവത്കരിക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എ.ബി.സി കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും. ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, നഗരസഭ എന്നിവ സംയുക്തമായാണ് പദ്ധതിക്കായി തുക ചെലവഴിക്കുന്നത്.
തച്ചമ്പാറയില്‍ വരുന്ന എ.ബി.സി കേന്ദ്രത്തില്‍ തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലെയും നഗരസഭയിലെയും തെരുവുനായ്ക്കളെ പിടികൂടി കൊണ്ടുവന്നാണ് വന്ധ്യംകരിക്കുക. ഇവിടങ്ങളിലെല്ലാം തന്നെ തെരുവുനായ് ശല്യമുണ്ട്. ഞായറാഴ്ച കോടതിപ്പടി ചങ്ങലീരി റോഡില്‍ പെരിമ്പടാരി സ്വദേശിയായ വയോധികനെ തെരുവുനായ് ആക്രമിച്ചതാണ് നഗസഭപരിധിയിലെ ഏറ്റവും ഒടുവിലത്തെ സംഭവം.
നഗരത്തിലും നാട്ടിന്‍പുറങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും പരിഹാരമാര്‍ഗമായ എ.ബി.സി കേന്ദ്രം താലൂക്കിലില്ലാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. 2015-16 കാലഘട്ടത്തില്‍ ജില്ലയില്‍ എ.ബി.സി പദ്ധതി ആരംഭിച്ചപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്കിലേക്ക് കേന്ദ്രം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാല്‍ നടപ്പായില്ല. പിന്നീട് ബ്ലോക്കുതലത്തില്‍ ആരംഭിക്കാന്‍ നിര്‍ദേശം വരുകയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഇടപെടല്‍ നടത്തുകയും ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് സ്ഥലം നല്‍കിയതോടെ എട്ടുവര്‍ഷം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.