ആനമൂളി മലയിലെ വിള്ളൽ പഠനറിപ്പോർട്ട് പുറത്ത് വിടാത്തതിൽ ആശങ്ക
text_fieldsമണ്ണാര്‍ക്കാട്: ആനമൂളി മലയിലെ അപകടാവസ്ഥ സംബന്ധിച്ച പരിശോധന റിപ്പോർട്ട് പുറത്തുവരാത്തതിൽ ആശങ്ക ഉയരുന്നു. 2019ലാണ് ആനമൂളി മലമുകളിൽ ഒരു കിലോമീറ്ററിലധികം ദൂരം മല വിണ്ടുകീറിയ നിലയിൽ കണ്ടത്.
കനത്ത മഴയിൽ മലമുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകി സമീപത്തെ തോടുകൾ നിറയുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. മല കയറിയ ആദിവാസികളാണ് മല വിണ്ടുകീറിയത് കണ്ടതും നാട്ടുകാരെ അറിയിച്ചതും. ജനപ്രതിനിധികളും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ ഇടപെടലിന തുടര്‍ന്ന് ജില്ല ജിയോളജി ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ മലവിണ്ടുകീറിയത് സ്ഥിരീകരിക്കുകയും പ്രദേശത്ത് അപകടഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. പഠന റിപ്പോര്‍ട്ടുകളും മറ്റും ജില്ലാ കലക്ടര്‍ക്കും ദുരന്തനിവാരണ അതോറിറ്റിക്കും കൈമാറുമെന്നും അറിയിച്ചു. റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം നടപടികൾ എടുക്കാമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്.
എന്നാൽ, നാളിതുവരെ വിദഗ്ധസംഘം പരിശോധിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിടുകയോ തുടര്‍നടപടികൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. മഴ ശക്തമാകുന്ന സമയങ്ങളിലെല്ലാം ആനമൂളിയുടെ താഴ്വാരങ്ങളിലുള്ള ജനത ആശങ്കയോടെയാണ് കഴിയുന്നത്. പരിശോധന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും റിസോര്‍ട്ടുകള്‍ ഉൾപ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നത് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അപകടാവസ്ഥ സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് രേഖാമൂലം കത്ത് നല്‍കുമെന്ന് തഹസിദാര്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.