അട്ടപ്പാടി റോഡ് നവീകരണം തീർക്കാൻ തീരുമാനിച്ചിട്ടില്ലേ?
text_fieldsനിർമാണം മന്ദഗതിയിലായ അട്ടപ്പാടി റോഡ്
മണ്ണാർക്കാട്: അട്ടപ്പാടി റോഡ് ഒന്നാംഘട്ട റോഡ് നവീകരണം ഇഴയുന്നത് ദുരിതം തീർക്കുന്നു. പൊടിശല്യം മൂലം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഒരുവർഷം മുമ്പ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. നെല്ലിപ്പുഴ മുതല്‍ തെങ്കര വരെയുള്ള എട്ടുകിലോമീറ്റര്‍ ദൂരത്തിലെ നവീകരണമാണ് ഇഴഞ്ഞു നീങ്ങുന്നത്. ഇതോടെ യാത്രാക്ലേശവും പൊടിശല്യവും വീണ്ടും രൂക്ഷമായി. നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി) അധികൃതര്‍ പ്രവൃത്തി നടത്തുന്ന കരാര്‍ കമ്പനിയോട് ആവശ്യപ്പെടുകയും അവലോകന യോഗങ്ങൾ പ്രഹസനമാവുകയും ചെയ്തിരിക്കുകയാണ്.
തെങ്കര വരെയുള്ള നാലുകിലോമീറ്ററിൽ പലഭാഗങ്ങളിലും പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതാണ് യാത്രക്കാരെയും പ്രദേശവാസികളെയും വലക്കുന്നത്. പൊടിശല്യം മൂലം പരിസരത്തെ നിരവധി പേരാണ് ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ കൊണ്ട് വലയുന്നത്. നാട്ടുകാരുടെ പ്രതിഷേധം മൂലം പൊടിശല്യം കുറക്കാൻ അധികൃതർ ഇടക്ക് നനക്കുന്നുണ്ടെങ്കിലും പര്യാപ്തമാകുന്നില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
പ്രവൃത്തികള്‍ വൈകുന്നതിന് കൃത്യമായ കാരണം കരാര്‍ കമ്പനിയും വ്യക്തമാക്കിയിട്ടില്ല. ആണ്ടിപ്പാടം, ദാറുന്നജാത്ത് സ്കൂള്‍, ചെക്ക് പോസ്റ്റ് ജങ്ഷന്, മണലടി, വെള്ളാരംകുന്ന് ഭാഗങ്ങളിലാണ് പ്രവൃത്തികള്‍ പ്രധാനമായും അവശേഷിക്കുന്നത്. ജനകീയ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ കമ്പനി പ്രവൃത്തികള്‍ വേഗത്തിലാക്കിയത്. എന്നാല്‍ ഒരുമാസമായി നാമമാത്രമായുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ആദ്യ നാലുകിലോമീറ്ററിലെ പലഭാഗങ്ങളിലും ഇനിയും ടാറിങ് പൂര്‍ത്തിയാക്കാനുണ്ട്. ടാറിങ്ങിനായി ഉപരിതലം പരുവപ്പെടുത്തിയതെല്ലാം തകര്‍ന്ന് കുഴികളും രൂപപ്പെട്ടു. തെങ്കര മുതല്‍ ആനമൂളിവരെയുള്ള നാലുകിലോമീറ്ററില്‍ കലുങ്ക് നിര്‍മാണവും റോഡ് പൊളിച്ചുമാറ്റലുമുള്പ്പെടെ ഇനിയും ശേഷിക്കുന്നു. നിലവിലുള്ള റോഡിലെ ടാറിങ് തകര്‍ന്ന് വലിയ കുഴികളായും മാറിയിട്ടുണ്ട്. 44 കോടി രൂപ ചെലവിലാണ് ആദ്യഘട്ടത്തിന്റെ പ്രവൃത്തികള്‍ കരാര്‍ കമ്പനി ഏറ്റെടുത്തത്. മൂന്നുകിലോമീറ്റര്‍ ദൂരം മാത്രമേ ഇതുവരെ ടാറിങ് നടത്തിയിട്ടുള്ളു.
ഇതില്‍ കുറച്ചുദൂരം ഒരുഭാഗം മാത്രമാണ് ടാറിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 40 കലുങ്കുകളില്‍ 32 എണ്ണം പൂര്‍ത്തിയായി. അഴുക്കുചാലുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. പലയിടങ്ങളിലും റോഡരികിലെ മരം മുറിച്ചുനീക്കാനുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതിക്കായി കെ.ആര്.എഫ്.ബി പ്രൊജക്ട് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ച് 31വരെയാണ് കരാർ കാലാവധി. റോഡ് നിര്‍മാണം വൈകുന്നത് ആനക്കട്ടിവരെയുള്ള രണ്ടുമൂന്നുംഘട്ട പ്രവൃത്തികളേയും ബാധിക്കും. പ്രവൃത്തികള്‍ വൈകിയാല്‍ പിഴ ഈടാക്കുമെന്ന നിര്‍ദേശവും കരാര്‍ കമ്പനിക്ക് നല്കിയിട്ടുള്ളതായി കെ.ആര്.എഫ്.ബി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മഴക്കാലത്തും റോഡിന്റെ തകര്‍ച്ചമൂലം യാത്രാക്ലേശം രൂക്ഷമായിരുന്നു. ഇതോടെ ജനകീയ പ്രതിഷേങ്ങളുമുണ്ടായി. എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രവൃത്തികള്‍ പുനരാരംഭിച്ചത്.
എന്നാല്‍, പ്രവൃത്തികള്‍ നിലച്ചത് റോഡ് നവീകരണത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഴ മാറിയതോടെ പൊടിശല്യമേറിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.