മണ്ണാർക്കാട് നഗരത്തിൽ കാമറകൾ കൺതുറക്കുന്നു
text_fieldsമണ്ണാര്‍ക്കാട് നഗരത്തിൽ സ്ഥാപിച്ച സുരക്ഷ കാമറകൾ
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരം നിരീക്ഷണ കാമറ വലയത്തിലേക്ക്. നഗരത്തിൽ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ ഭാഗത്ത് കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജനസുരക്ഷയുടെയും നഗരസൗന്ദര്യവത്കരണത്തിന്റെയും ഭാഗമായി നഗരസഭ വിഭാവനം ചെയ്ത പദ്ധതിയാണിത്. 65 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഇവരില്‍നിന്നാണ് കോഴിക്കോടുള്ള കമ്പനി ഒരുവര്‍ഷം മുമ്പ് കരാര്‍ ഏറ്റെടുത്തത്.
ആശുപത്രിപ്പടി, പൊലീസ് സ്റ്റേഷന്, കോടതിപ്പടി എന്നിവിടങ്ങളില്‍ പ്രത്യേകം തൂണുകള്‍ സ്ഥാപിച്ചും മറ്റുഭാഗങ്ങളില്‍ തെരുവുവിളക്ക് തൂണുകളിലുമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങള്‍ക്ക് സമീപം സ്ഥാപിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉൾപ്പെടെ തിരിച്ചറിയാന്‍ കഴിയുന്ന രണ്ട് കാമറകള്‍ ഉള്‍പ്പടെ ആകെ 46 കാമറകളാണ് നഗരപരിധിയില്‍ വരുന്നത്. കരാറെടുത്ത കോഴിക്കോടുള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനി ഒരു മാസം മുമ്പാണ് പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചത്.
കാമറ ദൃശ്യങ്ങള്‍ നഗരസഭക്കും പൊലീസിലും ഒരു പോലെ ലഭ്യമാക്കാൻ നഗരസഭ ഓഫിസിലും പൊലീസ് സ്റ്റേഷനിലും മോണിറ്റര്‍ സ്ഥാപിക്കല്‍, മൂന്നിടങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കല്‍, കേബിള്‍ വലിക്കല്, വൈദ്യുതി സംവിധാനമൊരുക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ ആഴ്ചയാണ് കാമറകള്‍ സ്ഥാപിച്ചുതുടങ്ങിയത്. ഇതിനകം 33 കാമറകള്‍ സ്ഥാപിച്ചതായി കരാര്‍ കമ്പനി പ്രതിനിധി അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ തൂണുകളില്നിന്നാണ് ഇതിന് വൈദ്യുതി ഉപയോഗിക്കുക. വാഹനഗതാഗതം, ജനസഞ്ചാരം എന്നിവക്കൊന്നും തടസ്സം സൃഷ്ടിക്കാതെ രാത്രികളിലാണ് ജോലികള്‍ നിര്‍വഹിക്കുന്നത്. പ്രവൃത്തികള്‍ 80 ശതമാനത്തോളമായി. ഈ വാരത്തോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. കാമറകള്‍ കണ്ണുതുറക്കുന്നതോടെ ലഹരിക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളും അനധികൃതപാര്‍ക്കിങ്, മാലിന്യം തള്ളൽ എന്നിവയെല്ലാം തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.