സിവില്‍ ഡിഫന്‍സ് സേനയെത്തി; നിലംപതിത്തോടിന് കുറുകെ താൽക്കാലിക പാലമൊരുങ്ങി
text_fieldsമണ്ണാർക്കാട്: പൊതുവപ്പാടം ആദിവാസി കോളനിവാസികളിലുള്ളവർക്കും പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്കും ഈ മഴക്കാലത്ത് ആശ്വാസത്തോടെ കഴിയാം. തോടിന് അക്കരയിക്കരെ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഇവര്‍ക്കായി ഒരു നടപ്പാലമൊരുങ്ങി. മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് സേന അംഗങ്ങളാണ് തൂക്കുപാലം മാതൃകയിലുള്ള ഈ പാലത്തിെൻറ ശില്പികള്. കാലവര്‍ഷം കനക്കുമ്പോള്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൊതുവപ്പാടം ആദിവാസി കോളനിവാസികളുടെയും സമീപത്തെ നൂറോളം കുടുംബങ്ങളുടെയും ഉള്ളില്‍ ഒറ്റപ്പെടല്‍ ഭീതിയുയരും.
കാരാപ്പാടം പൊതുവപ്പാടം കോളനി റോഡിലുള്ള നിലംപതി തോട് മലവെള്ളപ്പാച്ചിലില്‍ മൂടിപ്പോയാല്‍ പിന്നെ വീടിനുള്ളില്‍ ഭീതി പേറി ഒതുങ്ങി കൂടേണ്ടി വരും. കഴിഞ്ഞ രണ്ട് പ്രളയകാലത്തും സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് പ്രദേശവാസികളെ വടം ഉപയോഗിച്ച് അക്കരയിക്കരെയെത്തിച്ചത്.
കോവിഡ് മൂന്നാംതരംഗ ഭീതി കൂടി നില്ക്കുന്ന സാഹചര്യത്തില്‍ മഴക്കാല ദുരന്തത്തില്‍ പ്രദേശവാസികള്‍ അകപ്പെടാതിരിക്കാന്‍ വാര്‍ഡ് മെംബര്‍ വിജയലക്ഷ്മിയും പ്രദേശവാസിയായ കുഞ്ഞുമുഹമ്മദും ഒരു താൽക്കാലിക പാലം നിര്‍മിച്ച് നല്കാന് സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് അഷ്റഫ് മാളിക്കുന്നിനെ അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് അസി. സ്റ്റേഷന് ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടിയുടെയും സിവില്‍ ഡിഫന്‍സ് കോഓഡിനേറ്റര്‍ രാജേഷിെൻറയും നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപ്പാലം നിര്‍മിച്ച് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തത്.
തൂക്കുപാലം പോലെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. മൂന്നുപേര്‍ക്ക് ഒരേസമയം സുരക്ഷിതമായി പാലത്തിലൂടെ കടന്നുപോകാം. സിവില്‍ ഡിഫന്‍സ് കോഓഡിനേറ്റര്‍ രാജേഷ്, പോസ്റ്റ് വാര്ഡന് അഷ്റഫ് മാളിക്കുന്ന്, ഡെപ്യൂട്ടി വാര്ഡന് മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേർ ചേര്‍ന്നാണ് പാലം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.