കല്ലടി കോളജിൽ സംഘർഷം; നാലുപേർക്ക് പരിക്ക്
text_fieldsമണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കോളജ് അധികൃതര്‍ മണ്ണാര്‍ക്കാട് പൊലീസിൽ പരാതി നല്കി.
കേസെടുക്കുമെന്ന് എസ്.ഐ വി. വിവേക് അറിയിച്ചു. കോളജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ 18 പേരെ 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് അറിയിച്ചു. പരിക്കേറ്റവരെല്ലാം ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് എടത്തനാട്ടുകര കാവുംതൊടി വീട്ടില്‍ സുധീഷ് (19), കോട്ടോപ്പാടം നെല്ലിക്കുന്ന് വീട്ടില്‍ ഇംദാദ് (20), മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് സാനീര് (17), എടത്തനാട്ടുകര വട്ടമണ്ണപ്പുറം ചാലയില്‍ വീട്ടില്‍ മുഹമ്മദ് ഉബൈസ് (18) എന്നിവര്‍ക്ക് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12.45നാണ് സംഭവം. കോളജിലെ ഒന്നാം വർഷ-രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് സംഭവം.
ഉച്ചക്ക് കോളജ് വിട്ട സമയത്ത് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളിലെ ഒരു സംഘം ആദ്യ വര്‍ഷ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ഥികൾ പറഞ്ഞു.
ഒരു വിദ്യാര്‍ഥിയുടെ ചെവിയില്‍ കത്തികൊണ്ട് മുറിവേറ്റു. ബിയര്‍കുപ്പി ഉപയോഗിച്ച് ഒരു വിദ്യാര്‍ഥിയുടെ തലക്കടിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവരും സംഘത്തില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അന്വേഷിക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. ജലീല്‍ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചു. പി.ടി.എയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വ്യാഴാഴ്ച ചേരും.
രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കെ.പി. മുഹമ്മദ് അര്‍ഷദ്, സി. ജിബിന്‍ അഹമ്മദ്, എ.എസ്. ഹബീബ് റഹ്മാന്, സല്മാന്, ഒ.കെ. ഷബീബ്, പി. ആദില്‍, ടി. മുഹമ്മദ് അനസ്, കെ. മുഹമ്മദ് ആസാദ്, രോഹന് സൈമണ്‍, കെ.കെ. മുഹമ്മദ് മുഷ്താഖ്, പി.കെ. സാബിക്, സാജിഖ്, സി.ടി. അന്‍സാബ്, സി. ആദില്‍, ടി. നിഖില്‍, എ.വി. മുഹമ്മദ് നാഫിദ്, സൗരവ്, എം.ടി. അഹമ്മദ് ജസീം എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.