മലയോര ഹൈവേ നിർമാണം; മണ്ണാർക്കാട്ട് പദ്ധതി രൂപരേഖ സമർപ്പിക്കണമെന്ന് ആവശ്യം
text_fieldsമണ്ണാര്‍ക്കാട്: നിര്‍ദിഷ്ട മലയോര ഹൈവേയുടെ മണ്ണാര്‍ക്കാട് മേഖലയിലെ നിര്‍മാണവുമായ ബന്ധപ്പെട്ട പദ്ധതി രൂപരേഖ താലൂക്ക് സഭക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നും വിഷയത്തില്‍ പൊതുചര്‍ച്ച വേണമെന്നും താലൂക്ക് വികസന സമിതിയില്‍ ആവശ്യം. ഇത് സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിന് കത്ത് നല്കാന് യോഗം തീരുമാനിച്ചു.
അപാകതയില്ലാതെ മലയോര ഹൈവേ നിര്‍മിക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊതുചര്‍ച്ച വേണമെന്ന് പൊതുപ്രവര്‍ത്തകനായ റഷീദ് ആലായനാണ് ആവശ്യമുന്നയിച്ചത്. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്ത് അധ്യക്ഷര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റോഡ് നിര്‍മിക്കുന്ന ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പദ്ധതി രൂപരേഖയില്‍ ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നും പൊതുപ്രവര്‍ത്തകനായ എ.കെ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ചങ്ങലീരി റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട അതിര് നിര്‍ണയിക്കേണ്ടത് പൊതുമരാമത്ത് വകുപ്പും നഗരസഭയുമാണെന്ന് റവന്യു വകുപ്പ് അധികൃതര്‍ പറഞ്ഞു.
1929ലെ സ്കെച്ച് പ്രകാരമാണ് നിലവില്‍ റവന്യു വകുപ്പ് ഇടപെടല്‍ നടത്തുന്നത്. റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെങ്കര പഞ്ചായത്തില്‍ കൃഷിഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്കിയതല്ലാതെ തുടര്‍നടപടിയുണ്ടായില്ലെന്ന് പരാതിയുയര്‍ന്നു. കുന്തിപ്പുഴയില്‍ കുമരംപുത്തൂര്‍ തടയണയില്‍ ചീര്‍പ്പ് സ്ഥാപിക്കുക, അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഇടപെടല്‍ നടത്തുക, കുളപ്പാടം, പയ്യനെടം മിച്ചഭൂമി വിഷയത്തില്‍ ഇടപെടല്‍ നടത്തുക, തച്ചനാട്ടുകര പഞ്ചായത്തില്‍ അനധികൃതമായി ക്വാറിയും ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. മുതിര്‍ന്ന അംഗം എം. ഉണ്ണീന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.ജെ. ബീന, സി. വിനോദ്, പൊതുപ്രവര്‍ത്തകരായ അബ്ദുല്ല, മോന്‍സി തോമസ്, വി.എ. കേശവന്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.