അപകട പാതകൾ, തീരാക്കുരുക്കുകൾ... നവീകരണം പാതിയിൽ; അട്ടപ്പാടി റോഡിൽ ദുരിതയാത്ര
text_fieldsമണ്ണാര്‍ക്കാട്: നവീകരണം പാതിയിലായതോടെ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ യാത്ര ദുസ്സഹമായി. മഴ പെയ്തതോടെയാണ് നവീകരണ പ്രവൃത്തികൾ നിലച്ചത്. മഴക്ക് മുമ്പേ തെങ്കര മുതൽ മണ്ണാർക്കാട് നെല്ലിപ്പുഴ വരെ നാല് കിലോമീറ്ററോളം ടാറിങ് പൂർത്തിയാക്കുമെന്ന തീരുമാനവും നടപ്പായില്ല. ചളിക്കെട്ടും കുഴികളും ഇതുവഴിയുള്ള വാഹനയാത്രക്കാരെ വലക്കുന്നു. മഴക്കാലം എത്തുന്നതും സ്കൂളുകൾ തുറക്കുന്നതും മുന്നിൽക്കണ്ട് റോഡ് നവീകരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. നവീകരണം പല കാരണങ്ങളാൽ നീണ്ടതിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായിരുന്നു.
തുടർന്ന് മഴയെത്തുംമുമ്പ് തെങ്കര മുതല്‍ നെല്ലിപ്പുഴ സ്കൂളിന് സമീപം വരെ നാല് കിലോമീറ്റര്‍ ദൂരം ടാറിങ് നടത്താമെന്ന് കെ.ആര്.എഫ്.ബി തീരുമാനിച്ചിരുന്നു. ഇതില്‍ 1.3 കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് നടത്തിയതോടെ മഴയെത്തി. ഇതോടെ പ്രവൃത്തികള്‍ താൽക്കാലികമായി നിര്‍ത്തി. മഴ മാറി നില്ക്കുന്ന സമയത്ത് മാത്രമേ ശേഷിക്കുന്ന ടാറിങ് നടത്താന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. മഴ മാറുന്നത് വരെ എങ്ങനെ ഈ റോഡിൽ യാത്ര ചെയ്യുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
റോഡ് ആരംഭിക്കുന്ന നെല്ലിപ്പുഴ മുതൽ ഗതാഗത തടസ്സമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകൂടിയാണിത്. നിലവിൽ ആനമൂളി, ചിറപ്പാടം തുടങ്ങിയ ഭാഗങ്ങളില്‍ കലുങ്കുകളുടെയും അഴുക്കുചാലുകളുടെയും പ്രവൃത്തികളാണ് നടത്തുന്നത്. അതേസമയം റോഡ് രൂപപ്പെടുത്താൻ വൈറ്റ്മിക്സ് മെക്കാഡമിട്ട പലസ്ഥലങ്ങളിലും മഴ പെയ്ത് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അഴുക്കുചാല്‍ നിര്‍മാണത്തിനെടുത്ത കുഴികള്‍ക്ക് സമീപം ചളിക്കെ ട്ടുമുണ്ട്.
ആണ്ടിപ്പാടം മുതല്‍ മണലടി വരെയും തെങ്കര സ്കൂള്‍ പരിസരത്തുമാണ് കുഴികളും ചളിയും രൂക്ഷമായത്. മഴവെള്ളം നിറഞ്ഞ കുഴികള്‍ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ അകപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങള്‍ക്ക് കേടുപാടുകളും പതിവാണ്. അപകടമുന്നറിയിപ്പുകളില്ലാത്തത് പരിചയമില്ലാത്ത ഡ്രൈവര്‍മാർക്ക് കുരുക്കാകുന്നുമുണ്ട്. മഴയില്ലാത്ത സമയം ഉപയോഗപ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കി ദുരിതമകറ്റാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്നാണ് ആവശ്യം.
ഉണങ്ങി ദ്രവിച്ചിട്ടും റോഡിലെ ചീനിമരത്തോട് മുഖം തിരിച്ച് അധികൃതർ
അലനല്ലൂർ: വെട്ടത്തൂർ-അലനല്ലൂർ റോഡിൽ വഴങ്ങല്ലിയിൽ ദ്രവിച്ച് നിൽക്കുന്ന മരം വെട്ടിമാറ്റാൻ പി.ഡബ്ല്യു.ഡി തയാറായിട്ടില്ലെന്ന് അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ പറഞ്ഞു. പി.ഡബ്ല്യ.ഡി അനുമതി തന്നാൽ മുറിച്ച് മാറ്റാൻ അലനല്ലൂർ ഗ്രാമപഞ്ചായത്ത് തയാറാണെന്നും പ്രസിഡന്റ് അറിയിച്ചു. പലതവണ നാട്ടുകാരും പ്രസിഡന്റും വാർഡ് അംഗം കെ. അജിതയും രേഖാമൂലം പി.ഡബ്ല്യ.ഡിക്ക് നിവേദനം നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മരം മുറിക്കാൻ നടപടി സ്വീകരിച്ചില്ല. മരത്തിനടുത്ത് വൈദ്യുതി ലൈനുകളും കടകളും വീടുകളുമുള്ളതിനാൽ മരം പൊട്ടിവീഴും മുമ്പ് മുറിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് കാരണമാകുമെന്ന് വാർഡ് അംഗം കെ. അജിത പറഞ്ഞു. ഉണങ്ങിയ മരം ജീവനക്കാർ സന്ദർശിച്ചിട്ടും മരം മുറി നീളുന്നതിൽ നാട്ടുകാർ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.