ആനമൂളി ആദിവാസി നഗറിൽ കുടിവെള്ളമെത്തി
text_fieldsമണ്ണാർക്കാട്: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ആനമൂളി ആദിവാസി നഗറിൽ ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽകളത്തിൽ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതിയിൽ പൈപ്പ് ലൈൻ വഴി വെള്ളമെത്തിച്ചു തുടങ്ങി.
ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് നിലവിൽ ഉപയോഗരഹിതമായ കുടിവെള്ള പദ്ധതി പുനരുദ്ധരിച്ചത്. ഇതോടെ 28 വീടുകളിലായി താമസിക്കുന്ന നാൽപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി.
നഗറിന് താഴെയുള്ള കിണർ ആഴംകൂട്ടി നവീകരിച്ച് പുതിയ മോട്ടോർ പമ്പ്, പൈപ്പ് ലൈൻ, പതിനായിരം ലിറ്റർ ടാങ്ക് എന്നിവ സ്ഥാപിച്ച് 16 പൊതുടാപ്പുകൾ വഴിയാണ് വീടുകളിലേക്ക് വെള്ളം എത്തിച്ചത്. കൊടുംചൂട് നേരിട്ടിരുന്ന ഘട്ടത്തിൽ കുടിവെള്ളത്തിന് വേണ്ടി ആനമൂളി തോടിൽ കുഴിയെടുത്ത സംഭവത്തോടെ കോളനിയിലെ കുടിവെള്ള പ്രശ്നം വലിയ ചർച്ചയായിരുന്നു.
ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽകളത്തിൽ കുടിവെള്ള പൈപ്പ് ലൈൻ നാടിന് തുറന്നു നൽകി. വാർഡ് അംഗം ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു.
എസ്.ടി. പ്രമോട്ടർ എം. സാലി, ഊരുമൂപ്പത്തി ഷൈലജ, വാർഡ് കുടുംബശ്രീ പ്രസിഡന്റ് ടി.പി. ലീല, സി.ഡി.എസ് മെംബർ വി. ഷമീറ, ടി.കെ. കുഞ്ഞാണി, സലാം, ചന്ദ്രൻ, എ.ആർ. ദിവ്യ, ടി.കെ. ജനിത, സി.ആർ. രാധിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.