മണ്ണാര്‍ക്കാട്ടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുന്നു
text_fieldsമണ്ണാര്‍ക്കാട്: നഗരത്തില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപ്പാക്കുന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇരുമ്പ് തൂണുകള്‍ സ്ഥാപിക്കലും അനുബന്ധ ജോലികളും പൂര്‍ത്തിയായതോടെ എച്ച്.ടി ഏരിയല്‍ ബെഞ്ച് കേബിള്‍ (എ.ബി.സി) വലിക്കുന്ന പ്രവൃത്തി തുടങ്ങി. കോടതിപ്പടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരത്തുനിന്ന് ചന്തപ്പടി ഭാഗത്തേക്കാണ് പ്രവൃത്തി നടത്തുന്നത്. നഗരത്തില്‍ കേബിള്‍ വലിക്കുന്നതിന് ആവശ്യമായ ഇടങ്ങളില്‍ പുതുതായി 13 ഇരുമ്പ് തൂണുകളാണ് സ്ഥാപിച്ചത്. പ്രവൃത്തി നടത്തുന്ന ദിവസങ്ങളില്‍ അതത് പരിധിയിലെ വൈദ്യുതി വിതരണം നിര്‍ത്തിവെക്കേണ്ടതിനാല്‍ വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാകാതിരിക്കാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം എന്ന തോതിലാണ് പ്രവൃത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
നെല്ലിപ്പുഴയിലെ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസം ആരംഭിച്ചത്. നവംബറില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. മൂന്ന് ഫേസുകള്‍ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിള്‍ സംവിധാനം മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആദ്യമായാണ് നടപ്പാക്കുന്നത്. ലൈനുകള്‍ക്ക് മുകളില്‍ മരക്കൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങൾ കുറക്കാനും പുതിയ കേബിള്‍ സംവിധാനം സഹായിക്കും. താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്, പൊലീസ് സ്റ്റേഷന് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തടസ്സം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.
കഴിഞ്ഞ വേനലിൽ ഓവര്‍ലോഡ് മൂലം മേഖലയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാനാണ് കെ.എസ്.ഇ.ബി മുന്‍കൈയെടുത്ത് ഏരിയല്‍ ബെഞ്ച് കേബിള്‍ പദ്ധതി നടപ്പാക്കിയത്. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തില്‍ കവേര്‍ഡ് കണ്ടക്ടറും സ്ഥാപിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.