ആനശല്യം: ഹാങ്ങിങ് സോളാര്‍ വേലി സ്ഥാപിക്കും
text_fieldsമണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ മലയോര പ്രദേശങ്ങളില്‍ രൂക്ഷമാകുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് വനാതിര്‍ത്തിയില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കുന്തിപ്പാടം തേക്കുംതിട്ട ഭാഗത്ത് ഒരുകിലോമീറ്ററോളം ദൂരത്തിലാണ് ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത്. ഒരാഴ്ചക്കകം പ്രവൃത്തി ആരംഭിക്കുമെന്നാണ് സൂചന. കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സോളാര്‍ ഫെന്‍സിങ് പല സ്വകാര്യ സ്ഥലങ്ങളിലുമുണ്ടെങ്കിലും മണ്ണാര്‍ക്കാട് റേഞ്ചിന് കീഴില്‍ വനംവകുപ്പ് നേരിട്ട് സ്ഥാപിക്കുന്നത് ഇതാദ്യമായാണ്.
കോട്ടോപ്പാടം പഞ്ചായത്തില്‍ തിരുവിഴാംകുന്നിലും കണ്ടമംഗലം മേക്കളപ്പാറ മേഖലയിലുമാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. തിരുവിഴാംകുന്നില്‍ മാസങ്ങളായി കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് തുടരുകയാണ്. കഴിഞ്ഞദിവസം പൂളമണ്ണ മുകുന്ദന്, കോരംകാട്ടില് കൃഷ്ണന് എന്നിവരുടെ നൂറുകണക്കിന് വാഴകളും ചെലക്കാട്ടില് ജയരാജെൻറ അരയേക്കറിലെ പുല്‍ക്കൃഷി, തെങ്ങ്, തൂവശ്ശേരി കുഞ്ഞാന്, മാടാംപാറ ഹൈദ്രു എന്നിവരുടെ വാഴ, കവുങ്ങ് എന്നിവയും കാട്ടാന നശിപ്പിച്ചിരുന്നു. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലും പരിസരത്തും കാളംപുള്ളി പ്രദേശത്തുമായി സ്ഥിരമായി എത്തുന്ന പത്തോളം കാട്ടാനകള്‍ നാട്ടുകാര്‍ക്കും വനംവകുപ്പിനും തലവേദനയായി മാറിയിട്ടുണ്ട്.
മേക്കളപ്പാറ, കണ്ടമംഗലം, പുറ്റാനിക്കാട്, കാഞ്ഞിരംകുന്ന് പ്രദേശവാസികളും കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം എന്‍. ഷംസുദ്ദീന് എം.എൽ.എ കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുമായി ആശയവിനിമയം നടത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ വനപാലകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കണ്ടമംഗലം മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് മലയിറങ്ങി കുന്തിപ്പാടം ഭാഗത്തുനിന്നാണ്. ഇവിടെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് പ്രധാന കാരണം. ഇത് കണക്കിലെടുത്താണ് കുന്തിപ്പാടം ഭാഗത്ത് പുതിയ സോളാര്‍ ഫെന്‍സിങ് പദ്ധതി നടപ്പാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.