കുന്തിപ്പുഴയുടെ തീരത്ത് വരുന്നൂ, ഉല്ലാസകേന്ദ്രം
text_fieldsമണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് ചക്കരകുളമ്പില്‍ വിശ്രമ - ഉല്ലാസകേന്ദ്രം നിര്‍മിക്കാന്‍ തീരുമാനം. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങളെല്ലാമുള്ള കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. വാഹനപാര്‍ക്കിങ്ങിനുള്ള സ്ഥലവും പദ്ധതി പ്രദേശത്തേക്കുള്ള റോഡുമുണ്ട്. കൂടാതെ കുന്തിപ്പുഴയുടെ പ്രകൃതിസൗന്ദര്യവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാമെന്നതാണ് പ്രത്യേകത.
ആദ്യഘട്ടം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിലമൊരുക്കല്‍ പ്രവൃത്തികള്‍ ഉടനെ തുടങ്ങും. മഴക്കാലത്തിന് മുമ്പ് ഹാപ്പിനെസ് പാര്‍ക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം.
മൂന്നരയേക്കര് പുറമ്പോക്ക് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. ഇവിടെ നേരത്തെ വാതകശ്മശാനത്തിനായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പരിഗണിച്ചിരുന്നുവെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നിര്ദിഷ്ടഭൂമിയില് ഉല്ലാസ കേന്ദ്രം നിര്‍മിക്കുകയെന്നത് പഞ്ചായത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് രൂപരേഖ തയാറാക്കി നല്‍കുകയും ചെയ്തിരുന്നു.
2018ല്‍ ഡി.ടി.പി.സി അധികൃതര്‍ സ്ഥലപരിശോധന നടത്തി. ആ വര്‍ഷമുണ്ടായ പ്രളയത്തില്‍ ഭൂമിയുടെ കുറച്ച് ഭാഗത്ത് വെള്ളം കയറിയിരുന്നു. ഇതിനാല്‍ കോടികള്‍ ചെലവഴിച്ചുള്ള വിശ്രമ ഉല്ലാസകേന്ദ്രം ഗുണകരമാകില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു.
പഞ്ചായത്തിന് പദ്ധതി നടപ്പിലാക്കാനാകുമെന്നും അറിയിച്ചു. ഇതിനിടെ ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് പാര്‍ക്ക് തുടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും വന്നതോടെ വിശ്രമ ഉല്ലാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കി.
പാര്‍ക്ക് നിര്‍മാണത്തില്‍ പ്രദേശവാസികളുടെ സഹകരണം തേടിയും പദ്ധതി സംബന്ധിച്ച് വിശദീകരണം നല്കാനുമായി കഴിഞ്ഞദിവസം പ്രദേശത്ത് യോഗം ചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജന് അമ്പാടത്ത് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവര്ത്തകന് കെ.പി.എസ്. പയ്യനെടം, വാര്‍ഡംഗം ഷമീര്‍ തെക്കേക്കര, റഷീദ് കുമരംപുത്തൂര്‍, ദേവദാസ് എന്നിവര്‍ സംസാരിച്ചു.
തനതുഫണ്ടുകള്ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സുമനസുകള്‍ എന്നിവരുടെ സഹായത്തോടെ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റുമെത്തിക്കാനാണ് തീരുമാനം.അടുത്ത സാമ്പത്തിക വര്‍ഷത്തിലും പദ്ധതിക്കായി തുക നീക്കി വെയ്ക്കുമെന്നും ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണം തേടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.