ലോക്ഡൗണിൽ വായനയുടെ വസന്തം തീർത്ത് കൊച്ചുമിടുക്കി
text_fieldsസ്കൂളുകൾ അടഞ്ഞ് കിടക്കുകയും ക്ലാസുകൾ ഓൺലൈനായി തുടരുകയും ചെയ്തതോടെ വിരസമായ ദിവസങ്ങളെ വായനയിലൂടെ ആസ്വദിക്കുകയാണ് കാഞ്ഞിരപ്പുഴ അക്കിയംപാടം സ്വദേശിയും മുണ്ടക്കുന്ന് ഹോളി ഫാമിലി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ കെ.പി. ഫാത്തിമ ഹനീന. ചെറുതും വലുതുമായ 90 പുസ്തകങ്ങളാണ് ഈ കാലയളവിൽ ഈ കൊച്ചുമിടുക്കി വായിച്ച് തീർത്തത്. ചെറുപ്പം മുതലേ വായനയെ ഇഷ്ടപ്പെട്ട ഹനീനക്ക് സ്കൂളിൽനിന്നും മദ്റസയിൽനിന്നും ധാരാളം പുസ്തകങ്ങൾ സമ്മാനമായി കിട്ടിയിട്ടുണ്ട്. സമ്മാനമായി പുസ്തകങ്ങൾ കിട്ടുന്നതാണ് ഇഷ്ടവും.
ബാലമാസികയിലൂടെ ആരംഭിച്ച വായനയിപ്പോൾ വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങളിലെത്തി നിൽക്കുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഒരു ചലഞ്ച് പോലെയാണ് വായനയെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയത്. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ഡയറിയിൽ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഈ വിദ്യാർഥിനി. ഹൈഡ്രേഞ്ചിയ, ഒലിവർ ട്വിസ്റ്റ്, ടോംസോയർ, സിന്ദ് ബാദിെൻറ കപ്പൽയാത്രകൾ ശൂന്യമനുഷ്യൻ, വിശപ്പിെൻറ കഥകൾ, ഉമറുൽ ഫാറൂഖ്, കർബലയുടെ കണ്ണുനീർ, യാത്രയിലെ പൊടിപ്പും തൊങ്ങലും, വിരലറ്റം, ഒരാൾ ഒരുപാട് കാലങ്ങൾ, മക്ബത്ത്, മുളങ്കാട്, വിജയിക്കാൻ ഒരു മസ്തിഷ്കം, വെനീസിലെ വ്യാപാരി, എന്ന് ഹൃദയപൂർവം ഇക്ക, ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്, ആത്മീയ കഥകൾ, ബഷീർ സമ്പൂർണകഥകൾ, ആയിരത്തൊന്ന് രാവുകൾ തുടങ്ങി ബാലസാഹിത്യം, യാത്രാവിവരണങ്ങൾ, സാഹിത്യം, കഥ, നോവൽ, കവിത എന്നിങ്ങനെ എല്ലാ തരത്തിലുള്ള പുസ്കങ്ങളുമുണ്ട് ഹനീനയുടെ വായന ലോകത്ത്.
സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും സഹായവും ഈ കൊച്ചുമിടുക്കിക്ക് ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സമസ്ത പൊതു പരീക്ഷയിൽ ഏഴാം തരത്തിൽനിന്ന് ഡിസ്റ്റിങ്ഷനോടെ വിജയിച്ച ഹനീന കൊച്ചു കഥകളെഴുതാനും സമയം കണ്ടെത്താറുണ്ട്. ഹംസ റഹ്മാനി-സറീന ദമ്പതികളുടെ മകളാണ് ഫാത്തിമ ഹനീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.