കോഴിഫാമിൽ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിന് തീപിടിച്ച് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. നാലുദിവസം പ്രായമായ കുഞ്ഞുങ്ങളാണ് ചത്തത്. തിങ്കളാഴ്ച രാത്രി 10.30ഒാടെയാണ് സംഭവം. അരിയൂർ സ്വദേശി പനമ്പള്ളി ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
കോഴിഫാമിൽ ഉഷ്ണ തരംഗത്തെ ചെറുക്കാനായി തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കമുകിൻ പട്ടയും സീലിങ് രൂപത്തിൽ അടിച്ചിരുന്നു. ഫാമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വയറിങ് സംവിധാനത്തിൽ ഷോർട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് ഷെഡിന് തീപിടിച്ചതെന്നാണ് കണ്ടെത്തൽ. രാത്രി ആയതിനാൽ തൊഴിലാളികളാരും ഫാമിൽ ഇല്ലായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് സമീപത്തുള്ള അന്തർ സംസ്ഥാന തൊഴിലാളികൾ ഓടിക്കൂടി കോഴിഫാമിന്റെ ഉടമയെ വിവരമറിയിച്ചു. ഉടമ അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
അപ്പോഴേക്കും കോഴിക്കുഞ്ഞുങ്ങൾ മുഴുവൻ അഗ്നിക്കിരയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇൻചാർജ് ജി. അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സുരേഷ് കുമാർ, ആർ. ശ്രീജേഷ്, കെ. പ്രശാന്ത്, ഷാജിത്, ഷോബിൻ ദാസ്, ഡ്രൈവർ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.