നടപ്പാതയില്ല; കല്ലടി സ്കൂളിന് സമീപം മരണഭീതി
text_fieldsമണ്ണാർക്കാട്: ദേശീയപാതയിൽ നടപ്പാതയില്ലാത്തത് അപകട ഭീഷണിയാകുന്നു. സ്ഥിരം അപകട മേഖലകളിലൊന്നായ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് നടപ്പാതയില്ലാത്തത് ആശങ്കയാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള പ്രദേശമാണിവിടം. എം.ഇ.എസ് കല്ലടി കോളജ് മുതൽ കുമരംപുത്തൂർ വില്ലേജ് ഓഫിസ് വരെ റോഡിൽ നിന്നും ഇറങ്ങി നടക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയാണ്. കല്ലടി കോളജ് മുതൽ, കല്ലടി സ്കൂൾ വരെയുള്ള ഭാഗത്ത് വിദ്യാർഥികൾ അപകട ഭീതിയോടെയാണ് കാൽനട യാത്ര ചെയ്യുന്നത്.
മഴക്കാലമായാൽ വെള്ളം കുത്തിയൊലിച്ചു പോകുന്ന പ്രദേശമാണിവിടം. ഇത് കാരണം റോഡിലൂടെയാണ് വിദ്യാർഥികൾ നടന്നുപോകുന്നത്. റോഡിന്റെ ഉയരക്കൂടുതലും അഴുക്കുചാലില്ലാത്തതും മൂലം വെള്ളം കുത്തിയൊലിച്ച് റോഡിന്റെ അരിക് തകർന്ന് കിടക്കുന്നതും മൂലം ഏറെ ബുദ്ധിമുട്ടിയാണ് കാൽനടയാത്ര. റോഡിന്റെ വീതി കഴിഞ്ഞാൽ നടക്കാൻ സ്ഥലമില്ല. മാത്രമല്ല, റോഡിന്റെ വശം മുഴുവൻ കാടു കയറി കാഴ്ചമറക്കുകയും ചെയ്യുന്നു. കല്ലടി സ്കൂളിന് സമീപം ഇരുവശത്തുനിന്നും ഇറക്കമിറങ്ങി അമിത വേഗതയിലാണ് വാഹനങ്ങൾ കടന്നുപോകാറുള്ളത്. സ്കൂൾ, കോളജ് വിടുന്ന സമയങ്ങളിൽ ഇത് ഏറെ അപകട ഭീഷണി ഉയർത്താറുണ്ട്. സ്കൂൾ മുതൽ കല്ലടി കോളജ് വരെയും കുമരംപുത്തൂർ വില്ലേജ് ഓഫിസ് വരെയും നടപ്പാത നിർമിച്ചാൽ വിദ്യാർഥികൾക്ക് അത് ഏറെ ഗുണം ചെയ്യും. റോഡിനിരുവശവും ഇതിനാവശ്യമായ സ്ഥലവും ഉണ്ട്. ഇക്കാര്യം ഉന്നയിച്ച് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.