ഗ്രീന്‍ഫീല്‍ഡ് ഹൈവേ; വന്യജീവി പ്രതിരോധ പദ്ധതി ദേശീയസമിതിക്ക് സമര്‍പ്പിച്ചു
text_fieldsമണ്ണാര്‍ക്കാട്: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന വനാതിര്‍ത്തികളില്‍ വന്യജീവി പ്രതിരോധത്തിനായി ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് വനംവകുപ്പ് തയാറാക്കിയ പദ്ധതി (പ്രൊപ്പോസല്‍) ദേശീയസമിതിക്ക് സമര്‍പ്പിച്ചു. സമിതിയുടെ അംഗീകാരം ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടികളുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം.
പാത കടന്നുപോകുന്ന മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിര്‍ത്തികളില്‍ നടപ്പാക്കേണ്ട പ്രതിരോധ സംവിധാനങ്ങളുള്‍പ്പെടുന്ന വിവരങ്ങള്‍ മണ്ണാര്‍ക്കാട്, സൈലന്റ് വാലി വനം ഡിവിഷന് അധികൃതര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നേരത്തെ സമര്‍പ്പിച്ചിരുന്നു
വനാതിര്‍ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ ജനുവരിയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വന്യജീവി പ്രതിരോധത്തിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ വനം ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പാണക്കാടന് നിക്ഷിപ്ത വനത്തിലേക്ക് സൈലന്റ് വാലി മലനിരകളില്‍ നിന്നുള്ള കാട്ടാനകളുടെ സഞ്ചാരത്തിന് വന്യജീവി മേല്‍പ്പാലം നിര്‍മിക്കണമെന്നതാണ് ശിപാര്‍ശകളിലെ പ്രധാനം.
വനത്തിന് ചുറ്റിലും കുരുത്തിച്ചാല്‍ മുതല്‍ ആനമൂളി വരെയും റെയില്‍വേലി നിര്‍മാണം, ആനമൂളി മുതല്‍ വേലിക്കാട് വരെ നിര്‍മിക്കാന്‍ പോകുന്ന സൗരോര്‍ജ്ജ തൂക്കുവേലിയുടെ പരിപാലനം, നിര്‍മിത ബുദ്ധി, ഡ്രോണ്‍ നിരീക്ഷണ സംവിധാനം, ദ്രുതപ്രതികരണ സേനയുടെ ശാക്തീകരണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. സൈലന്റ് വാലി വനംഡിവിഷനില്നിന്ന് നല്കിയ റിപ്പോര്‍ട്ടില്‍, വനാതിര്‍ത്തികളില്‍ വന്യജീവി സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ 18 നിര്‍മിതബുദ്ധി കാമറകള്‍ സ്ഥാപിക്കണമെന്നതാണ് ആവശ്യം. 43 കിലോ മീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലി, റെയില്‍വേലി, വനത്തിനുള്ളില്‍ മൂന്ന് ചെക്ഡാം, പതിനഞ്ച് ഹെക്ടറില്‍ സ്ട്രിപ് പ്ലാന്റിങ്, 30 കിലോ മീറ്റര്‍ ദൂരത്തില്‍ ജൈവ വേലി നിര്‍മാണം, തീപിടിത്തം അണക്കാന്‍ വാഹനങ്ങള്‍, ദ്രുതപ്രതികരണ സേനക്കുള്ള വാഹനങ്ങള്‍, ക്യാമ്പ് ഷെഡ്ഡുകളുടെ നിര്‍മാണം എന്നിവയുമുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായാണ് പ്രൊപ്പോസല്‍ ദേശീയസമിതിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.