മണ്ണാർക്കാട്ടെ ഹാപ്പിനസ് പാര്‍ക്ക്; നഗരസഭ നടപടി തുടങ്ങി
text_fieldsമണ്ണാര്‍ക്കാട്: വിനോദത്തിനും വിശ്രമത്തിനും പൊതുഇടമില്ലെന്ന മണ്ണാർക്കാടിന്റെ പരാതിക്ക് പരിഹാരമാകുന്നു. കുന്തിപ്പുഴയോരത്ത് പാലത്തിന് അരികിലായി ഹാപ്പിനസ് പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയാറായിട്ടുണ്ട്. പുഴയുടെ മറുകരയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയുടെ താഴെ ഭാഗത്തായി പാര്‍ക്ക് സ്ഥാപിക്കാനാണ് ഒരുക്കം.
അഞ്ച് മീറ്റര്‍ ഉയരത്തിലും 15 മീറ്റര്‍ വീതിയിലുമായി അരികുഭിത്തികെട്ടും. നിലത്ത് ടൈലുകള്‍ പാകും. 146 മീറ്റര്‍ നീളത്തില്‍ 10 മുതല്‍ 12 വരെ വീതിയുള്ള നടപ്പാതയും നിര്‍മിക്കും. അരികില്‍ ഓപ്പണ്‍ജിം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍, കഫ്റ്റീരിയ, ശുചിമുറികള്‍, വിളക്കുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.40 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ പദ്ധതിക്ക് അനുവദിക്കാനായി സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നഗരസഭ 40 ലക്ഷവും ചെലവഴിക്കും. വിശദമായ എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കും. ഇത് പൂര്‍ത്തിയാക്കി പെരുമാറ്റച്ചട്ടം നീങ്ങുന്ന മുറക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ ജില്ല പഞ്ചായത്താണ് ടെന്‍ഡര്‍ ചെയ്യുക. നഗരസഭയുടേത് നഗരസഭ തന്നെ ടെന്‍ഡര്‍ ചെയ്യും. ഒരു മാസം കൊണ്ട് ഈ നടപടി പൂര്‍ത്തിയായേക്കും. ഒമ്പത് മാസം കൊണ്ട് പാര്‍ക്ക് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. പാലക്കാട്-കോഴിക്കോട് ദേശീയപാത കടന്നുപോകുന്നതിലെ ദൈര്‍ഘ്യമേറിയ നഗരമാണ് മണ്ണാര്‍ക്കാട്. ഇവിടെ വൈകുന്നേരങ്ങളിലടക്കം ജനങ്ങള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും വിനോദത്തിനും കായികാഭ്യാസത്തിനും സൗകര്യങ്ങളില്ല. ഇത്തരത്തിലുള്ള പൊതുഇടം ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. കുന്തിപ്പുഴയോരത്ത് ഹാപ്പിനസ് പാര്‍ക്ക് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.