കാറ്റ്: മണ്ണാര്‍ക്കാട് മേഖലയിൽ കെ.എസ്.ഇ.ബിക്ക് അഞ്ചുലക്ഷം നഷ്ടം
text_fieldsമണ്ണാര്‍ക്കാട്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതിതൂണുകള്‍ തകര്‍ന്ന് അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. മൂര്‍ത്തി അറിയിച്ചു. മരംവീണ് അഞ്ച് വീടുകള്‍ തകരുകയും ചെയ്തിരുന്നു.
തച്ചനാട്ടുകര ചെത്തല്ലൂര്‍ ചോലയില്‍ സൈതലവിയുടെ വീടിന് മുകളിലേക്ക് തെങ്ങുവീണ് ഭാഗികമായ നാശം സംഭവിച്ചു. ഓടിട്ട വീടിന്റെ ഒരുഭാഗത്താണ് നാശമുണ്ടായത്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കുപ്പാകുര്ശ്ശി വട്ടപ്പാറ വീട്ടില്‍ ദേവന്റെ വീട്ടില്‍ മരംവീണ് ഭാഗികമായ നഷ്ടം സംഭവിച്ചു. മണ്ണാര്‍ക്കാട് വടക്കുമണ്ണം ആണ്ടിപ്പാടം കൊട്ടാരത്തില്‍ വീട്ടില്‍ രവിയുടെ വീടിന് മുകളിലത്തെ ഷീറ്റ് മേഞ്ഞ മേല്‍ക്കുര തകര്‍ന്നുവീണു. പാലക്കയം മൂന്നേക്കര്‍ എടപ്പറമ്പ് മനുവിന്റെ ടിന്ഷീറ്റുമേഞ്ഞ വീടിന് മുകളിലേക്ക് മരംപൊട്ടി വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. പൊറ്റശ്ശേരി പെരുമ്പടത്തില്‍ കാളിയുടെ വീടിന് മുകളിലേക്കും മരം വീണ് ഭാഗികനാശം സംഭവിച്ചു. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലെ ആറ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമ്പത് എച്ച് ടി.ലൈന്‍ തൂണുകളും 42 എല്‍.ടി ലൈന്‍ തൂണുകളുമാണ് തകര്‍ന്നത്. ഇതില്‍ മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കുമരംപുത്തൂര്‍ സെക്ഷനുകളിലായാണ് എച്ച്.ടി. ലൈന്‍ വൈദ്യുതി തൂണുകള്‍ മരം വീണ് തകര്‍ന്നത്. ഈ മൂന്ന് സെക്ഷനുകളും അഗളി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ സെക്ഷനുകളിലുമാണ് എല്‍.ടി ലൈന്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപന ജോലികളാരംഭിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ കൃഷിനാശവുണ്ട്. വാഴകൃഷിയിലാണ് കൂടുതല്‍ നാശം. മഴക്കെടുതിയില്‍ ഇതുവരെ താലൂക്കില്‍ അരക്കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായാതായാണ് അധികൃതര്‍ നല്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.