അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു
text_fieldsമണ്ണാര്‍ക്കാട്: ആനമൂളി ഉരുളന്കുന്നിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് പന്നിഫാമുകളുടെ പ്രവര്‍ത്തനം നിര്‍ത്താൻ ഗ്രാമപഞ്ചായത്ത് ഉത്തരവ്. അസിസ്റ്റന്റ് സെക്രട്ടറി കെ. ശിവപ്രകാശാണ് ഉത്തരവിറക്കിയത്. കൂട്ടിങ്കല്‍ അബ്രഹാം, പുത്തന്‍വീട്ടില്‍ ഇമ്മാനുവല്‍ എന്നിവര്‍ നടത്തുന്ന ഫാമുകള്‍ക്കെതിരെയാണ് നടപടി. 25,000 രൂപ വീതം പിഴയും ഈടാക്കി. പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ തീറ്റക്ക് കൊണ്ടുവന്ന കോഴി, മത്സ്യ മാലിന്യം, ഹോട്ടല്‍ മാലിന്യം എന്നിവ സംസ്കരിക്കാൻ സജ്ജീകരണങ്ങളില്ലെന്ന് കണ്ടെത്തി.
ഫാമിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പന്നി വിസര്‍ജ്യം വര്‍ഷങ്ങളായി മന്തംപൊട്ടി ആനമൂളി പുഴയിലേക്ക് ഒഴുക്കുന്നുവെന്നത് ഗൗരവകരമായ വിഷയമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നടത്തിപ്പുകാരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യങ്ങളും പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി.
ഉടമകളോട് സൂചിപ്പിച്ചപ്പോള്‍ രേഖകള്‍ കൈവശമുണ്ടെന്നും ഹാജരാക്കാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്നുമാണ് പറഞ്ഞത്. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തുടര്‍ന്ന് ഫാം ഉടമകള്‍ ഫാം ആധുനിക രീതിയില്‍ സജ്ജീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാൻ ഒരു മാസത്തെ സാവകാശം ചോദിക്കുക മാത്രമാണ് മറുപടി കത്തില്‍ ചെയ്തത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഫാമില്‍ കെട്ടിക്കിടക്കുന്ന വിസര്‍ജ്യം മുഴുവന്‍ നീക്കി കുഴിച്ചുമൂടിയതിന്റെ വീഡിയോയും ഫോട്ടോയും മൊബൈല്‍ വഴി ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍ അതീവ പരിസ്ഥിതിലോല മേഖലയായ പ്രദേശത്ത് മാലിന്യം അശാസ്ത്രീയമായി കുഴിച്ചുമൂടിയെങ്കിലും മഴ പെയ്യുമ്പോഴും മണ്ണിടിച്ചിലിലും അത് വീണ്ടും പുഴയില്‍ കലരുമെന്നതില്‍ സംശയത്തിന് ഇടയില്ലാത്തതാണെന്ന് അധികൃതര്‍ പറയുന്നു. നിയമവിരുദ്ധമായി പന്നിഫാം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.