കനത്ത ചൂട്; മണ്ണാര്‍ക്കാട് പുഴകളും തോടുകളും വറ്റി
text_fieldsമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ പുഴകളും തോടുകളും വറ്റി വരളുന്നു. കുന്തിപ്പുഴയിലെയും നെല്ലിപ്പുഴയിലെയും ജലനിരപ്പ് പാടെ താഴ്ന്നു. വെള്ളിയാർ, തുപ്പനാട് പുഴകളിലും ഗ്രാമീണ തോടുകളുമെല്ലാം ഒഴുക്കും നിലച്ചു. തുലാവര്‍ഷം ദുര്ബലപ്പെട്ടതിനൊപ്പം വേനല്‍മഴയും ലഭ്യമാകാതിരുന്നതോടെയാണ് പുഴകള്‍ ശോഷിക്കാന്‍ ഇടയായത്. പുഴകളെ ആശ്രയിച്ചുള്ള ശുദ്ധജലവിതരണ പദ്ധതികളെയും കൃഷിയേയും വരള്‍ച്ച പ്രതികൂലമായി ബാധിച്ചു.
കുന്തിപ്പുഴയും വെള്ളിയാറും സൈലന്റ് വാലി മലനിരകളില്‍ നിന്നാണ് ഉൽഭവിക്കുന്നത്. കാട്ടുചോലകളിലെ ഉറവകളും വരള്ച്ചയിലകപ്പെട്ടതോടെ നിലവില്‍ കുരുത്തിച്ചാല്‍ മുതല്‍ കരിമ്പുഴ കൂട്ടിലക്കടവുവരെ നീര്‍ച്ചാലു പോലെയാണ് പലഭാഗങ്ങളിലും ഒഴുക്ക്. മണല്‍ത്തിട്ടകള്‍ ഒഴുക്കിന് തടസ്സവുമാകുന്നു. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം കുന്തിപ്പുഴയെ ആശ്രയിച്ചാണ്. കുന്തിപ്പുഴ പാലത്തിന് മുകള്‍ഭാഗത്തും താഴെ ഭാഗത്തുമായാണ് കുടിവെള്ള പദ്ധതികളുടെ കിണറുകളുള്ളത്. വേനല്‍ക്കാലങ്ങളില്‍ നാട്ടുകാര്‍ ചേര്‍ന്ന് താൽക്കാലിക തടയണ നിര്‍മിച്ചാണ് വരള്‍ച്ചയെ പ്രതിരോധിക്കാറ്.
കാഞ്ഞിരപ്പുഴയില്നിന്നും അട്ടപ്പാടി മന്ദംപൊട്ടി ചേലയില്നിന്നും ഉൽഭവിക്കുന്ന നെല്ലിപ്പുഴയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നേരത്തെ തന്നെ വരള്‍ച്ചയുടെ പിടിയിലായി. വീതികുറഞ്ഞ പുഴയുടെ പലഭാഗങ്ങളിലായാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. കുടിവെള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നെല്ലിപ്പുഴയ ആശ്രയിക്കുന്നവരും ഏറെയാണ്. തുപ്പനാട്, ചൂരിയോട്, മീന്‍വല്ലം പുഴകളുടെയും സ്ഥിതി മറിച്ചല്ല. നാട്ടിന്‍പുറങ്ങളിലെ തോടുകളിലും ഒരുതുള്ളി വെള്ളമില്ല. പ്രളയങ്ങളില്‍ അടിഞ്ഞുകൂടിയ മണലും ചളിയും മറ്റുമെല്ലാം നീക്കം ചെയ്യാത്തതാണ് പുഴയുടെ സംഭരണശേഷി കുറക്കാന്‍ ഇടയാക്കുന്നത്. ശക്തമായ മഴയില്‍ ഇരുകരമുട്ടിയൊഴുകാറുള്ള പുഴകള്‍ വേനലെത്തുമ്പോഴേക്കും വറ്റുന്നത് ഇക്കാരണത്താലാണെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.