അന്തർ സംസ്ഥാന പാത നവീകരണം; തെങ്കര മുതല്‍ ആനമൂളി വരെ ടാറിങ് ഡിസംബറില്‍ തുടങ്ങും
text_fieldsമണ്ണാര്‍ക്കാട്: നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട്-ചിന്നത്താടം റോഡില്‍ തെങ്കര മുതല്‍ ആനമൂളി വരെ ടാറിങ് ജോലികള്‍ അടുത്ത മാസം ആരംഭിക്കാന്‍ നീക്കം. ഈ ഭാഗങ്ങളില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാകും പ്രവൃത്തി നടത്തുക. ഇതിന് മുന്നോടിയായി നിലവിലെ നിലം പൊളിച്ച് റോഡിന്റെ പുതിയ ഘടനയുണ്ടാക്കും.
തുടര്‍ന്ന് മെറ്റലും മറ്റുമിട്ട് ഉപരിതലം ഒരുക്കിയാണ് ടാറിങ് ഘട്ടത്തിലേക്ക് കടക്കുകയെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തെങ്കര ആനമൂളി ഭാഗങ്ങളിലാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്.
പ്രവൃത്തികള്‍ എഴുപത് ശതമാനത്തോളമായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, യാത്രാദുരിതം വിതച്ച നെല്ലിപ്പുഴ മുതല്‍ പുഞ്ചക്കോട് വരെ ടാറിങ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ആകെ 2.2 കിലോ മീറ്ററില്‍ ഒന്നാംപാളി ടാറിങ് പൂര്‍ത്തിയായതോടെ ഇതുവഴി യാത്ര സുഗമമായിട്ടുണ്ട്. നേരത്തെ തെങ്കര മുതല്‍ പുഞ്ചക്കോട് വരെ 1.3 കിലോ മീറ്ററിലാണ് ടാര്‍ ചെയ്തത്. തുടര്‍ന്നുള്ള ഭാഗത്തേക്ക് പ്രവൃത്തികള്‍ നടത്താനിരുന്നപ്പോഴേക്കും മഴ ശക്തമായത് പ്രതികൂലമായി ബാധിച്ചു. ഇതിനായി ഒരുക്കിയ ഉപരിതലം തകരുകയും ചെയ്തതിനാല്‍ മഴയത്ത് റോഡില്‍ കുഴികളും മഴയില്ലാത്തപ്പോള്‍ രൂക്ഷമായ പൊടിശല്യവും കാരണം യാത്രക്കാരും സമീപവാസികളും വലഞ്ഞു.
റോഡ് പ്രവൃത്തി നീണ്ടത് പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. തുടര്‍ന്നാണ് വീണ്ടും ഉപരിതലം പരുവപ്പെടുത്തി ടാറിങ് നടത്തിയത്. അതേസമയം, നെല്ലിപ്പുഴ ഭാഗം, ചെക്പോസ്റ്റ് ജങ്ഷന്, മണലടി ജങ്ഷന് എന്നിവിടങ്ങളില്‍ അഴുക്കുചാല്‍ പ്രവൃത്തി അവശേഷിക്കുന്നതിനാല്‍ ടാറിങ് നടത്തിയിട്ടില്ല.
ടാറിന്റെ കുറവ് വന്നതിനെ തുടര്‍ന്ന് വെള്ളാരംകുന്ന് ഭാഗത്തും പ്രവൃത്തി ബാക്കിയാണ്. മാത്രമല്ല ഈഭാഗത്ത് റോഡരികിലെ പാറയും പൊട്ടിക്കേണ്ടതുണ്ട്. ഇതിന് നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ നാലുകിലോമീറ്ററില്‍ 3.800 മീറ്ററാണ് ടാറിങ് നടത്തിയത്. അവശേഷിക്കുന്ന ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ആനമൂളി വരെ റോഡ് ടാർ ചെയ്യുക.
ഇതുകഴിഞ്ഞ് രണ്ടാംപാളി ടാറിങ്ങും വൈകാതെ തന്നെ നടത്താനുള്ള നടപടികളിലാണ് അധികൃതര്‍. 44 കോടി രൂപ ചെലവില്‍ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായ ആദ്യഘട്ട വികസനമാണ് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ എട്ടുകിലോമീറ്ററില്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.