ആനമൂളി മലയിൽ പരിശോധന നടത്തണമെന്ന് ആവശ്യം
text_fieldsമണ്ണാര്‍ക്കാട്: വയനാട് ദുരന്തപശ്ചാത്തലത്തില്‍ അപകടഭീഷണി നിലനില്‍ക്കുന്ന ആനമൂളി മലയിലും റവന്യൂവകുപ്പ് പരിശോധന നടത്തി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇവിടെ മല വിണ്ടുകീറിയത്. വര്‍ഷങ്ങളായിട്ടും ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതിന്റേയോ മറ്റോ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നത് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് രേഖാമൂലം കത്ത് നല്‍കുമെന്ന് തഹസിദാര്‍ കെ. രേവ താലൂക്ക് വികസന സമിതിയംഗം പി.ആര്. സുരേഷിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നൊട്ടമല പച്ചക്കാട് ഭാഗത്ത് കുന്നില്‍ വഴിവെട്ടിയതിലും നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്. വിഷയത്തില്‍ റവന്യുവകുപ്പ് ഇടപെട്ടിട്ടില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിവിധ വില്ലേജുകളില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ മണ്ണ് നിക്ഷേപിച്ചത് അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തിട്ടും വീണ്ടും തെങ്ങിന്‍തൈ വെച്ചുപിടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പുന:പരിശോധിക്കണമെന്നും എം. ഉണ്ണീന്‍ ആവശ്യപ്പെട്ടു.
ആറുമാസമായി ഭൂരേഖാ തഹസില്‍ദാര്‍ ഇല്ലാത്തതാണ് ഇത്തരം കാര്യങ്ങളില്‍ നടപടികള്വൈകുന്നതെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വിഷയങ്ങള്‍ പുനഃപരിശോധിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. വെടിമരുന്ന് സൂക്ഷിക്കുന്ന ക്വാറികളുടെ പട്ടിക തയാറാക്കി യോഗത്തില്‍ സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബാലന് പൊറ്റശ്ശേരി പറഞ്ഞു.
നെല്ലിപ്പുഴ ജങ്ഷനില്‍നിന്ന് മലിനജലം നെല്ലിപ്പുഴയിലേക്ക് വ്യാപകമായി ഒഴുകിയെത്തുന്നത് തടയാനാവശ്യമായ നടപടികള്‍ പൊതുമരാമത്ത് വിഭാഗം അധികൃതര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫിസറെ ഉടന്‍ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. വിനോദ്, താലൂക്ക് വികസന സമിതി അംഗങ്ങളായ മോന്‍സി തോമസ്, സദക്കത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.